മീൻകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ
കോഴിക്കോട്: മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 12.45 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ…
;കോഴിക്കോട്: മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 12.45 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് വെച്ച് താമരശ്ശേരി പോലീസും സ്‌പെഷ്യൽ സ്‌ക്വാഡും അടങ്ങിയ സംഘമാണ് ആഷിഫിനെ പിടികൂടിയത്. കെഎൽ 57 യു-9342 നമ്പർ ബലേനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുന്നതിനിടെ പിടിയിലാകുകയായിരുന്നു.
എംഡിഎംഎയുടെ ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ കോഴിക്കോട് റൂറൽ എസ്പി ആർ കറപ്പസാമി ഐപിഎസിന്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുമാണ് ഇയാൾ ലഹരി ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. ഗ്രാമിന് 1,500 രൂപക്ക് വാങ്ങുന്ന ഇവ കോഴിക്കോട് വയനാട് ജില്ലകളിൽ എത്തിച്ച് 5,000 രൂപക്ക് വരെ വില്പന നടത്തുന്നതായിരുന്നു രീതി.
കോഴിക്കോട് കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും മത്സ്യം എടുത്ത് വയനാട് വില്പന നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ഇയാളെ താമരശ്ശേരി ജെ.എഫ്. സി.എം കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെയും നർകോട്ടിക് ഡി വൈ എസ്പി കെ.എസ് ഷാജിയുടെയും മേൽ നോട്ടത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.