രാഹുലിന് ആശ്വാസം: സൂറത്ത് കോടതി വിധിക്ക് സ്റ്റേ, എംപി സ്ഥാനം തിരികെ കിട്ടും
മോദി സമുദായത്തെ അധിക്ഷേപിച്ച കേസിൽ രാഹുലിന്റെ ഹർജി പരിഗണിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പരമാവധി ശിക്ഷയ്‌ക്കാണ്…
;മോദി സമുദായത്തെ അധിക്ഷേപിച്ച കേസിൽ രാഹുലിന്റെ ഹർജി പരിഗണിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പരമാവധി ശിക്ഷയ്‌ക്കാണ് സ്റ്റേ ലഭിച്ചത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര, നരസിംഹ എന്നിവരായിരുന്നു ഹർജി പരിഗണിച്ചത്. സ്റ്റേ നൽകിയ സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനം തിരികെ ലഭിക്കുന്നതാണ്.
ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റായിരുന്നു കോടതി നൽകിയത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ആയിരുന്നു രാഹുലിന് വേണ്ടി ഹാജരായത്. ബിജെപി പ്രവർത്തരാണ് പരാതിക്കാരെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് നൽകിയ പൂർണേഷ് മോദിയുടെ യാഥാർത്ഥ പേരിൽ മോദി എന്നില്ലെന്നും പിന്നീട് പേരിൽ കൂട്ടിച്ചേർത്തതായിരുന്നുവെന്നും സിംഗ്വി വാദിച്ചു. ജനാധിപത്യത്തെ വിമർശിക്കാനുള്ള അവകാശമാണ് രാഹുൽ ഉപയോഗിച്ചത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്നും താനൊരു കുറ്റവാളിയല്ലെന്നും രാഹുൽ ആവർത്തിച്ചു.
സമൂഹത്തിന് എതിരായ കുറ്റമല്ല. ജാമ്യം ലഭിക്കുന്ന കുറ്റമാണ്. ഇതൊരു തട്ടിക്കൊണ്ടുപോകലോ, ബലാത്സംഗമോ, കൊലപാതകമോ അല്ല എന്നിട്ടും പരമാവധി ശിക്ഷ എന്തിന് നൽകിയെന്നും രാഹുലിന്റെ അഭിഭാഷൻ ചോദിച്ചു. എന്നാൽ നിയമവശം മാത്രം ഉന്നയിച്ചാൽ മതിയെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സിംഗ്വിയുടെ വാദങ്ങൾക്ക് ശേഷം പരാതിക്കാരൻ വാദം മഹേഷ് ജേഠ്മലാനി ആരംഭിച്ചു. യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മനഃപൂർവ്വം നടത്തിയ പ്രസ്താവനയാണിത്. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാൻ ഉപയോഗിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൗക്കി ദാർ ചോർ ഹേ എന്ന രാഹുലിന്റെ പരാമർശവും കോടതിയിൽ അദ്ദേഹം പറഞ്ഞു. ശിക്ഷാ ഇളവ് നൽകരുതെന്നും പരാതിക്കാരൻ വാദിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന സീറ്റ് ഒഴിഞ്ഞുകിടക്കുന്നു എന്നുള്ളത് കൊണ്ട് മാത്രം അയോഗ്യത നീക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം രണ്ട് വർഷത്തെ പരമാവധി ശിക്ഷ നൽകേണ്ട ആവശ്യമുണ്ടായിരുന്നോയെന്നും സുപ്രീംകോടതി ആരാഞ്ഞിരുന്നു. രാഹുൽ ജാഗ്രത പുലർത്തണമായിരുന്നുവെന്നും കോടതി പറഞ്ഞു. തുടർന്ന് പരാവധി ശിക്ഷയ്‌ക്ക് സ്റ്റേ അനുവദിക്കുകയായിരുന്നു.