കുരുമുളകിന് പിന്നാലെ ഏലം വിലയും കുതിക്കുന്നു
കുരുമുളകിന് പിന്നാലെ ഏലം വിലയും കുതിക്കുന്നു. ശരാശരി വില കിലോഗ്രാമിന് 2000 രൂപയും കൂടിയ വില 2500 രൂപയുമാണ് ഉയർന്നത്. കാലാവസ്ഥ വ്യതിയാനവും മഴക്കുറവും ഉൽപാദനത്തിൽ വൻ…
കുരുമുളകിന് പിന്നാലെ ഏലം വിലയും കുതിക്കുന്നു. ശരാശരി വില കിലോഗ്രാമിന് 2000 രൂപയും കൂടിയ വില 2500 രൂപയുമാണ് ഉയർന്നത്. കാലാവസ്ഥ വ്യതിയാനവും മഴക്കുറവും ഉൽപാദനത്തിൽ വൻ ഇടിവുണ്ടാക്കുമെന്ന സൂചനകളെ തുടർന്നാണ് വിപണി വില ഉയർന്നതെന്നാണ് സൂചന. പുറ്റടി സ്പൈസസ് പാർക്കിൽ ഓൺലൈൻ ലേലത്തിലും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഗ്രീൻ കാർഡമം കമ്പനിയുടെ തിങ്കളാഴ്ച നടന്ന ഇ-ലേലത്തിൽ 31,581കിലോഗ്രാം ഏലക്ക വിൽപനക്കായി പതിച്ചതിൽ 29,757 കിലോഗ്രാമും വിറ്റുപോയപ്പോൾ കൂടിയ വിലയായി കർഷകർക്ക് കിലോഗ്രാമിന് 2596 രൂപയും ശരാശരി വിലയായി 2042 രൂപയും ലഭിച്ചു. ഇപ്പോൾ വിലയിലുണ്ടായ ഈ വർധന നീണ്ടുനിന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഏറെ നാളുകൾക്ക് ശേഷമാണ് ഏലം വില കിലോഗ്രാമിന് 2000 പിന്നിടുന്നത്. കട്ടപ്പന കമ്പോളത്തിൽ രണ്ടാഴ്ചക്കിടെ ഏലത്തിന്റെ ശരാശരി വിലയിൽ 300 മുതൽ 700 രൂപ വരെ വർധിച്ചു. കാലാവസ്ഥ വ്യതിയാനവും രോഗബാധയും മൂലം ഏലച്ചെടികൾക്ക് കനത്തനാശം നേരിട്ടതോടെ ഉൽപാദനത്തിൽ 30 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
മൂന്ന് വർഷം മുമ്പ് ഏലത്തിന്റെ ശരാശരി വില കിലോഗ്രാമിന് 7000 രൂപവരെ ഉയർന്നിരുന്നു. അടുത്ത നാളിൽ ഏലക്കയിൽ നിറം ചേർക്കുന്ന കർഷകർക്കെതിരെ ശക്തമായ നടപടികൾ സ്പൈസസ് ബോർഡ് സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് ഓൺലൈൻ ലേലത്തിന് വിൽപനക്കായി ഏലക്ക പതിക്കുന്നതിനു മുമ്പ് അതിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധിച്ച് നിറമോ കീടനാശിനികളോ ഇല്ലെന്ന് ഉറപ്പ് വരുത്താൻ നടപടി തുടങ്ങിയതും ഏലത്തിന്റെ വില ഉയർച്ചക്ക് ഒരു കാരണമായിട്ടുണ്ട്.