വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനി സിഎംആര്‍എലില്‍നിന്ന് കൂടുതല്‍ പണം വാങ്ങി. 2017-19 കാലഘട്ടത്തില്‍ നേരത്തെ…

By :  Editor
Update: 2023-08-19 07:18 GMT

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനി സിഎംആര്‍എലില്‍നിന്ന് കൂടുതല്‍ പണം വാങ്ങി. 2017-19 കാലഘട്ടത്തില്‍ നേരത്തെ പറഞ്ഞ 1 കോടി 72 ലക്ഷം രൂപയല്ലാതെ, 42,48,000 രൂപയാണ് കമ്പനി വാങ്ങിയതെന്നും ആറു ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വര്‍ഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആര്‍എല്‍ കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവര്‍ഷം 37 ലക്ഷം രൂപ നല്‍കി. 2017-18 വര്‍ഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവര്‍ഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളില്‍ പറയുന്നു.

2020-21ല്‍ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നല്‍കി. 202122 വര്‍ഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതല്‍ വീണാ വിജയന്‍ നടത്തിയ കമ്പനി ഏതാനും മാസങ്ങള്‍ക്കു മുന്‍പു പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം എക്‌സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരില്‍ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.-കുല്‍നാടന്‍ പറഞ്ഞു.

കഴിഞ്ഞദിവസം വീട്ടില്‍ നടത്തിയ സര്‍വെയെ കുറിച്ചും മാത്യു വിശദീകരണം നടത്തി. വീടിന്റെ മുന്നിലൂടെയുള്ള റോഡ് പണിക്ക് വേണ്ടി വിശാലമായ മുറ്റം നല്‍കിയിരുന്നു. വീടിന് പുറകിലൂടെയാണ് വണ്ടി വീട്ടിലേക്ക് കൊണ്ടുപോകുന്നത്. താഴ്ന്നു കിടന്ന തട്ട് മുറ്റത്തിനൊപ്പം ഉയര്‍ത്തി കുറച്ച് മുറ്റം ഉണ്ടാക്കുന്നതിന് വേണ്ടി കരിങ്കല്ല് കെട്ടി മണ്ണിട്ട് ഫില്ല് ചെയ്ത സംഭവത്തെ പ്രതിയാണ് ഇന്നലെ വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം റവന്യു സര്‍വെ നടന്നത്- അദ്ദേഹം പറഞ്ഞു.

Tags:    

Similar News