ടി.പി. കേസിലെ പ്രതികൾക്ക് വിഐപി പരിഗണന; കയ്യാമം ഇല്ലാതെ ട്രെയിനില്‍ കൊടി സുനിയുടെ 'സുഖയാത്ര'; നാണംകെട്ട ആഭ്യന്തരവകുപ്പെന്ന് കെകെ രമ

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണനയെന്ന് കെ.കെ.രമ എംഎല്‍എ. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത് കയ്യാമം പോലുമില്ലാതെ എല്ലാ സുഖ…

By :  Editor
Update: 2023-08-22 09:20 GMT

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണനയെന്ന് കെ.കെ.രമ എംഎല്‍എ. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത് കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പങ്കുവച്ചു. ഇവിടെയുള്ളത് ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പാണെന്നും അവര്‍ വിമർശിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ടി.പി. വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വിഐപി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വിഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലീസ് ഈ കൊടും ക്രിമിനലിനെ കൊണ്ടുപോകുന്നത്.

ഒപ്പം മറ്റൊരു പ്രതിയായ എം.സി.അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പൊലീസ് 489/23 നമ്പർ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ പുതിയ എഫ്ഐആർ?. പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്ഐആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?.

കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയയ്ക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.

Tags:    

Similar News