മൊയ്തീൻ ശുപാർശ ചെയ്തവർ കരുവന്നൂരിൽ ഈടുവച്ചത് മുക്കുപണ്ടം; തെളിവുകളുമായി ഇ.ഡി
തൃശൂർ ∙ മുൻ മന്ത്രി എ.സി.മൊയ്തീന്റെ ശുപാർശയിൽ വ്യക്തിഗത വായ്പ നേടിയവർ കരുവന്നൂർ ബാങ്കിൽ ഈടുവച്ച സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന രഹസ്യ വിവരം ഇ ഡിക്കു ലഭിച്ചു. എന്നാൽ…
;തൃശൂർ ∙ മുൻ മന്ത്രി എ.സി.മൊയ്തീന്റെ ശുപാർശയിൽ വ്യക്തിഗത വായ്പ നേടിയവർ കരുവന്നൂർ ബാങ്കിൽ ഈടുവച്ച സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന രഹസ്യ വിവരം ഇ ഡിക്കു ലഭിച്ചു. എന്നാൽ ബാങ്ക് ലോക്കറിലെ സ്വർണാഭരണങ്ങൾ ഇ ഡി ഇതുവരെ പരിശോധിച്ചിട്ടില്ല.
സംശയമുനയിലുള്ളവരുമായി മൊയ്തീനു നേരിട്ടു ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഇ ഡിക്കു ലഭിച്ചിട്ടുണ്ട്. ഇ ഡി പുറത്തുവിട്ട രേഖയിൽ പറയുന്ന സി.എം.റഹീം, എം.കെ.ഷിജു, പി.സതീഷ് കുമാർ എന്നിവരിൽ ആദ്യ രണ്ടുപേരും ബാങ്കിന്റെ മുൻ മാനേജരും ക്രൈംബ്രാഞ്ച് കേസിലെ രണ്ടാംപ്രതിയുമായ ബിജു കരീമിന്റെ അടുത്ത ബന്ധുക്കളാണ്. ഇവരും ഭാര്യമാരും ചേർന്നു തുടങ്ങിയ സൂപ്പർമാർക്കറ്റ് എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രമടക്കം ഇ ഡി തെളിവായി സ്വീകരിച്ചു.
സതീഷ്കുമാറിനെ പരിചയമുണ്ടായിരുന്നെന്നു മൊയ്തീൻ ഇ ഡിയോടു സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പു പുറത്തുവന്ന സമയത്തു മൊയ്തീനായിരുന്നു സഹകരണ വകുപ്പു മന്ത്രി. മാത്രമല്ല തട്ടിപ്പിന്റെ ആദ്യ വിവരം ലഭിച്ചവരിൽ ഒരാളും മൊയ്തീനായിരുന്നു. പാർട്ടി അംഗമായ എം.വി.സുരേഷ് തട്ടിപ്പിനെക്കുറിച്ചു നൽകിയ പരാതിയും ജില്ലാ സെക്രട്ടറിയായ ഇദ്ദേഹത്തിനു കിട്ടിയിരുന്നു.
ഈടുവച്ച വസ്തുക്കളുടെ വില പെരുപ്പിച്ചുകാട്ടി പണം തട്ടിച്ചതും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. മൊയ്തീന്റെ അടുപ്പക്കാരനായ സ്വർണ വ്യവസായിക്ക് 15 കോടി ലഭിച്ചു. കമ്മിഷൻ ഏജന്റായ എ.കെ.ബിജോയ് 30 കോടി ഉണ്ടാക്കിയെന്നും അതു റിസോർട്ട് പണിയാനും മറ്റും ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ബിജോയ്, ബാങ്ക് മാനേജർ ബിജുവുമായി നടത്തിയിരുന്ന ഇടപാടുകളുടെ വിശദാംശങ്ങളും ഇ ഡി പരിശോധിക്കുന്നു.
ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച പുലർച്ചെ വരെയാണു മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയത്. പി.പി.കിരൺ, സി.എം.റഹീം, എം.കെ.ഷൈജു, പി.സതീഷ്കുമാർ എന്നിവരുടെ വീട്ടിലും റെയ്ഡ് നടത്തി. കേരള പൊലീസിന്റെ എഫ്ഐആർ അനുസരിച്ചായിരുന്നു അന്വേഷണമെന്നും ഇ ഡി വ്യക്തമാക്കി.
പി.പി.കിരണിന് 25 കോടി ലഭിച്ചെന്നാണു കണ്ടെത്തൽ. തട്ടിപ്പിലൂടെ പണം നേടിയവർ ബാങ്കിലേക്ക് പണം തിരിച്ചടച്ചിരുന്നു. ചിലർക്ക് അതിനു സാധിക്കാതെ വന്നു. കിരണും അക്കൂട്ടത്തിൽ പെടുന്നു.