ഷവർമ കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു

ഷവർമ്മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 24കാരൻ മരിച്ചു. കോട്ടയം ചിറക്കാട്ടുകുഴിയിൽ വീട്ടിൽ രാഹുൽ ഡി നായരാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ…

By :  Editor
Update: 2023-10-25 06:54 GMT

ഷവർമ്മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 24കാരൻ മരിച്ചു. കോട്ടയം ചിറക്കാട്ടുകുഴിയിൽ വീട്ടിൽ രാഹുൽ ഡി നായരാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞതിന് പിന്നാലെ ഇന്നുച്ചയ്ക്ക് മരണപ്പെട്ടത്.

കാക്കനാട് വ്യവസായമേഖലയിലെ എസ് എഫ് ഒ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു രാഹുൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഷവർമ്മ വരുത്തിച്ച് കഴിച്ചത്. സുഹൃത്തുക്കളും കഴിച്ചെങ്കിലും അവർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങൾ കണ്ടതോടെ രാഹുൽ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അസ്വസ്ഥതകൂടി കുഴഞ്ഞുവീണതോടെ ഞായറാഴ്ച രാവിലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഹുലിന്റെ സുഹൃത്തുക്കൾ തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗത്തെ ഫോണിലൂടെ പരാതി അറിയിച്ചിരുന്നു. ഷവർമ്മ വാങ്ങിയ കാക്കനാട്ടെ 'ലെ ഹയാത്ത് ' ഹെൽത്ത് സൂപ്പർവൈസർ സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ചു. രാഹുലിന്റെ രക്തസാമ്പിളിന്റെ പരിശോധനാഫലം കാക്കുകയാണ്. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്‌ടർമാർ പറഞ്ഞു വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് അധികൃതരും പൊലീസും ഹോട്ടൽ പരിശോധിച്ചു.

അതേസമയം, ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി യുവാവ് മരിച്ച സാഹചര്യത്തിൽ മറ്റ് ഹോട്ടലുകളിലും പരിശോധന കർശനമാക്കുമെന്ന് തൃക്കാക്കര നഗരസഭ അറിയിച്ചു. യുവാവിന്റെ മരണം ഏറെ ദുഃഖിപ്പിച്ചുവെന്ന് തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ രാധാമണി പിള്ള പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും രാധാമണി വ്യക്തമാക്കി.

Similar News