ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ

Malappuram : ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ. രേഖകളുടെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിന്റെ…

;

By :  Editor
Update: 2023-10-26 02:08 GMT

Malappuram : ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ. രേഖകളുടെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിന്റെ പകർപ്പ് സൗജന്യമായി നൽകണമെന്നും ഉത്തരവ്. കമ്മിഷണർ ഡോ.കെ.എം.ദിലീപിന്റെ അധ്യക്ഷതയിൽ ഇന്നലെ മലപ്പുറത്തു നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിങ്ങിലാണ് സംഭവം.

കാച്ചിനിക്കാട് സ്വദേശിയുടെ പരാതിയാണ് ഇന്നലെ തീർപ്പായത്. മുത്തച്ഛന്റെ പേരിൽ 1955ൽ റജിസ്റ്റർ ചെയ്ത ഭൂമിയുടെ ആധാരത്തിന്റെ പകർപ്പ് തേടിയാണ് ഇദ്ദേഹം ജനുവരി 25ന് മലപ്പുറം സബ് റജിസ്ട്രാർക്ക് വിവരാവകാശ അപേക്ഷ നൽകിയത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിനു വേണ്ടിയായിരുന്നു ഇത്. 5 ദിവസത്തിനകം തന്നെ മറുപടി ലഭിച്ചു. ഈ ആധാരം ഉൾപ്പെടുന്ന ‘ഫയൽ വോള്യം’ പൊടിഞ്ഞുപോയതിനാൽ പകർപ്പു നൽകാൻ നിർവാഹമില്ലെന്നായിരുന്നു മറുപടി

ഇതിനെതിരെ ഫെബ്രുവരി 23ന് ആണ് കാച്ചിനിക്കാട് സ്വദേശി സംസ്ഥാന വിവരാവകാശ കമ്മിഷന് പരാതി നൽകിയത്. പരാതിക്കാരനെയും ഉദ്യോഗസ്ഥരെയും ഇന്നലെ ഒരുമിച്ചിരുത്തി സംസാരിച്ചപ്പോഴും സബ് റജിസ്ട്രാർ ഇതേ മറുപടി ആവർത്തിച്ചതോടെയാണ് വിവരാവകാശ കമ്മിഷണർ അക്കാര്യം ബോധ്യപ്പെടുത്താൻ നിർദേശിച്ചത്

സേവനാവകാശം ബാധകമല്ലെന്ന് മറുപടി നൽകിയ സഹകരണ സംഘം ജനറൽ ജോയിന്റ് റജിസ്ട്രാർക്കെതിരെ നടപടിയെടുക്കുമെന്ന് വിവരാവകാശ കമ്മിഷണർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു ഡിവിഷനൽ ഓഫിസിൽ നിന്ന് ന്യായവില (ഫെയർവാല്യു) ഗസറ്റിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന തൃശൂർ ആളൂർമറ്റം സ്വദേശിയുടെ അപേക്ഷയിൽ രേഖ അപേക്ഷകന് ലഭ്യമാക്കാൻ കമ്മിഷൻ നിർദേശിച്ചു. ഓഫിസിൽ സൂക്ഷിക്കേണ്ട രേഖയായതിനാൽ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കാനാവില്ല. രേഖ സംബന്ധിച്ച് അന്വേഷിച്ച് 3 മാസത്തിനകം അപേക്ഷകന് ലഭ്യമാക്കണമെന്നുമാണ് നിർദേശിച്ചത്. അദാലത്തിൽ 15 പരാതികളാണ് ലഭിച്ചത്. 13 എണ്ണം തീർപ്പാക്കി.

Tags:    

Similar News