2034 ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ; സ്ഥിരീകരിച്ച് ഫിഫ
2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് വേദി സൗദി അറേബ്യയില്‍ തന്നെയെന്നുറപ്പിച്ച് ഫിഫ…
2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് വേദി സൗദി അറേബ്യയില്‍ തന്നെയെന്നുറപ്പിച്ച് ഫിഫ പ്രസിഡന്‍റ് ജിയാന്നി ഇൻഫന്‍റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപനം നടത്തിയത്. വേദികൾക്ക് ഫിഫ കൗൺസിൽ അംഗീകാരം നൽകിയതായി ഇൻഫന്‍റീനോ വ്യക്തമാക്കി. ആറ് കോൺഫെഡറേഷനിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഇൻഫന്‍റീനോ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, സ്പെയിൻ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ലോകകപ്പിന്റെ ഭാഗമായുള്ള പ്രദർശന മത്സരങ്ങൾക്ക് അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും. 2034ൽ ഏഷ്യയിൽ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ ലോകകപ്പിന്റെ വരാനിരിക്കുന്ന മൂന്നു പതിപ്പുകൾ, അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങൾ നടക്കുന്നത് പത്ത് വ്യത്യസ്ത രാജ്യങ്ങളിലാണ്. ഇത് ഫുട്ബോളിനെ ഒരു ആഗോള കായികയിനമാക്കുന്നതായും ഇൻഫന്റീനോ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.