നവകേരളസദസ്സിന് ഫണ്ട്; സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ സമര്‍ദ്ദം, നിയമനടപടികളിലേക്ക് UDF ഭരണസമിതികള്‍

കോഴിക്കോട്: നവകേരളസദസ്സ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി കയറുന്നു. ഉത്തരവു പ്രകാരം തനതുഫണ്ടില്‍ നിന്ന് പണം നല്‍കിയാല്‍ സെക്രട്ടറിമാര്‍ക്കെതിരേ കോടതിയെ സമീപിക്കാന്‍ യു.ഡി.എഫ്. ഭരിക്കുന്ന…

By :  Editor
Update: 2023-11-21 23:59 GMT

കോഴിക്കോട്: നവകേരളസദസ്സ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി കയറുന്നു. ഉത്തരവു പ്രകാരം തനതുഫണ്ടില്‍ നിന്ന് പണം നല്‍കിയാല്‍ സെക്രട്ടറിമാര്‍ക്കെതിരേ കോടതിയെ സമീപിക്കാന്‍ യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ തീരുമാനിച്ചതോടെയാണ് നിയമനടപടികള്‍ക്ക് സാഹചര്യമൊരുങ്ങുന്നത്. പഞ്ചായത്തീരാജ് നിയമത്തെ മറികടന്നുള്ള ഉത്തരവിനെയും കോടതിയില്‍ ചോദ്യംചെയ്യാനാണ് യു.ഡി.എഫ്. ഭരണസമിതികളുടെ തീരുമാനം.

കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയാണ് നിയമനടപടി സ്വീകരിക്കാന്‍ ആദ്യം തീരുമാനിച്ചവയിലൊന്ന്. ഇതിന്റെ ചുവടുപിടിച്ച് യു.ഡി.എഫ്. സാരഥ്യത്തിലുള്ള മറ്റു തദ്ദേശസ്ഥാപനങ്ങളും സമാനമായ തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ്. നവകേരളസദസ്സിന് സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ്. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതികള്‍ യോഗം ചേര്‍ന്ന് തുക നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റിനും സെക്രട്ടറിക്കും തുക അനുവദിക്കാന്‍ അനുമതിയുണ്ട്. ഇത് പഞ്ചായത്തീരാജ് നിയമത്തിനു വിരുദ്ധമാണ്.

ഭരണസമിതി ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല മാത്രമാണ് ചട്ടപ്രകാരം സെക്രട്ടറിക്കുള്ളത്. ഇതിനുപകരം ഭരണസമിതിയെ മറികടന്ന് ഫണ്ട് അനുവദിക്കാനാണ് ഉത്തരവ് അവസരം നല്‍കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദവും സെക്രട്ടറിമാര്‍ക്കുണ്ട്. ഇങ്ങനെ ഫണ്ട് അനുവദിക്കുന്ന സെക്രട്ടറിമാര്‍ക്കെതിരേയാണ് യു.ഡി.എഫ്. ഭരണസമിതികള്‍ കോടതിയെ സമീപിക്കുന്നത്. ഇരുഭാഗത്തെയും സമ്മര്‍ദം കാരണം സെക്രട്ടറിമാരും ത്രിശങ്കുവിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ട് ഉത്തരവിലൂടെ ഈടാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന വാദമാണ് യു.ഡി.എഫ്. സമിതികളുടേത്.

പഞ്ചായത്തീരാജ് നിയമപ്രകാരം ഭരണസമിതിക്ക് സ്വീകാര്യമാണെങ്കില്‍ തുക അനുവദിക്കുന്ന യഥേഷ്ടാനുമതി മാത്രമാണ് നല്‍കാനാവുക. അതിനുവിരുദ്ധമായാണ് ഇപ്പോഴത്തെ ഉത്തരവ്. സെക്രട്ടറി തുക അനുവദിച്ചാലും ധനകാര്യസ്ഥിരംസമിതി അംഗീകാരം നല്‍കിയില്ലെങ്കില്‍ തുക കൈമാറാനാവില്ല. ഇതും തദ്ദേശസ്ഥാപനങ്ങളില്‍ തര്‍ക്കത്തിനിടയാക്കും.

Tags:    

Similar News