സിപിഎം മിശ്രവിവാഹം പ്രോൽസാഹിപ്പിക്കുന്നു; മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കല്യാണം നടത്തുന്നു: നാസർ ഫൈസി കൂടത്തായി
കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നും, മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നുവെന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹിന്ദു, മുസ്‌ലിമിനെ…
കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നും, മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നുവെന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി.
ഹിന്ദു, മുസ്‌ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ സാരഥി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘‘ഹിന്ദു, മുസ്‍ലിമിനെ കല്യാണം കഴിച്ചാലേ ഭാരതീയ സംസ്കാരമാകൂ, മതേതരത്വമാകൂ എന്നതാണ് ചിലരുടെ കുടിലതന്ത്രം. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും നേതാക്കളുടെ പിൻബലത്തിൽ മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‍ലിംകൾക്ക് വിവാഹം ചെയ്തുകൊടുക്കുന്ന വിധത്തിൽ മിശ്രവിവാഹം പ്രോൽസാഹിപ്പിക്കുന്ന സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും എസ്എഫ്ഐയുടേയും മതനിഷേധത്തെ ചെറുക്കാൻ മഹല്ല് കമ്മിറ്റികൾ ശക്തമായി സംഘടിച്ചേ മതിയാകൂ’’ –നാസർ ഫൈസി പറഞ്ഞു.
നമ്മൾ, നമ്മുടെ ഇസ്‌ലാമിക ഐഡന്റിറ്റി കളഞ്ഞുകുളിക്കണമെന്ന രീതിയിലാണ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടാൻ മഹല്ല് ജാഗ്രത പുലർത്തേണ്ടതുണ്ട്. സമുദായത്തിനുള്ളിൽ നിന്നുതന്നെ വിവാഹം കഴിക്കുന്ന രീതിയാണ് ഇന്ത്യയിൽ പിന്തുടർന്നു വരുന്നതെന്നും അതു സംരക്ഷിക്കാൻ മഹല്ല് കമ്മിറ്റികൾ തയാറാകണമെന്നും നാസർ ഫൈസി കൂട്ടിച്ചേര്‍ത്തു.