ഗാന്ധി പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോ; എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കേസ്
കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോയെടുത്ത എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കേസെടുത്ത് പോലീസ്. ആലുവ ഏരിയ കമ്മിറ്റി അംഗമായിരുന്ന അദീൻ നാസറിനെതിരെയാണ് എടത്തല പോലീസ് കേസെടുത്തിരിക്കുന്നത്.…
കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോയെടുത്ത എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കേസെടുത്ത് പോലീസ്. ആലുവ ഏരിയ കമ്മിറ്റി അംഗമായിരുന്ന അദീൻ നാസറിനെതിരെയാണ് എടത്തല പോലീസ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീനിന്റെ പരാതിയിലാണ് നടപടി.
അദീൻ ഗാന്ധിപ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയെടുക്കുമ്പോള്‍ 'ഗാന്ധിജി എന്തായാലും മരിച്ചതല്ലേ' എന്ന് പറയുന്നതും കേള്‍ക്കാം.
'രാഷ്ട്രപിതാവിനെ പരസ്യമായി അപമാനിക്കുക മാത്രമല്ല അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുക എന്ന ഗുരുതരമായ കുറ്റം കൂടിയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ ഗ്രൂപ്പുകളില്‍നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുമുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നെന്ന് ഉറപ്പാക്കും' -പരാതിക്കാരനായ അല്‍ അമീന്‍ പറഞ്ഞു.
അല്‍ അമീനിന്റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.