ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നതിൽനിന്ന് ഭാര്യയെ വിലക്കി; യുവാവിനെ കൊലപ്പെടുത്തി ഭാര്യയും ബന്ധുക്കളും

ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്നത് വിലക്കിയ ഭർ‌ത്താവിനെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. ബിഹാർ ബെഗുസരായി സ്വദേശി മഹേശ്വർ കുമാർ റായ്(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേശ്വറിന്റെ ഭാര്യ…

;

By :  Editor
Update: 2024-01-08 11:45 GMT

ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്നത് വിലക്കിയ ഭർ‌ത്താവിനെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. ബിഹാർ ബെഗുസരായി സ്വദേശി മഹേശ്വർ കുമാർ റായ്(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേശ്വറിന്റെ ഭാര്യ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തിൽ ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം അരങ്ങേറിയത്.

കൊൽക്കത്തയിൽ ജോലി ചെയ്യുന്ന മഹേശ്വർ ഇടയ്ക്കു മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ. ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീലുകൾ ഇടുന്നതിനെ ചൊല്ലി മഹേശ്വർ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 9500 ഫോളവേഴ്സുള്ള റാണി തന്റെ പേജിൽ 500 ഓളം റീലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറു വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്.

കുറച്ചു ദിവസങ്ങൾ മുൻപാണ് മഹേശ്വർ കൊൽക്കത്തയിൽനിന്ന് ബെഗുസരായിയിലെ വീട്ടിൽ എത്തിയത്. റാണി അവരുടെ വീട്ടിലായിരുന്നു ഈ സമയം. റാണിയുടെ വീട്ടിലെത്തിയ മഹേശ്വർ ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീൽസ് ഇടുന്നതിനെതിരെ വഴക്കുണ്ടാക്കിയതായാണു വിവരം. തുടർന്ന് റാണിയും ബന്ധുക്കളും കൂടി ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അറിയിച്ചത്. മഹേശ്വറിന്റെ സഹോദരൻ റൂദൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

റൂദൽ വിളിച്ചപ്പോൾ മഹേശ്വർ ആയിരുന്നില്ല ഫോണ്‍ എടുത്തത്. മറ്റാരോ ഫോണെടുക്കുകയും ഇരുവരും തമ്മിൽ ഫോണിലൂടെ വാക്കു തർക്കം ഉടലെടുക്കുകയും ചെയ്തു. തുടർന്ന് റൂദൽ വീട്ടുകാരുമായി റാണിയുടെ വീട്ടിൽ എത്തിയപ്പോൾ മഹേശ്വറിനെ മരിച്ച നില‌യിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മഹേശ്വറിന്റെ കുടുംബത്തിന്റെ പരാതിയിൽ റാണിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. മഹേശ്വറിനെ തിരക്കി എത്തിയപ്പോൾ നാലു പേർ വീട്ടിൽനിന്ന് ഓടിപ്പോകുന്നതായി കണ്ടെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News