അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ

കണ്ണൂർ: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38)…

By :  Editor
Update: 2024-01-09 23:51 GMT

കണ്ണൂർ: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂർ മട്ടന്നൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) സവാദിനെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് എൻഐഎയുടെ വലയിലായതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മുഖ്യപ്രതി പിടിയിലായതിനെ പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് പ്രഫ.ടി.ജെ. ജോസഫ് പ്രതികരിച്ചു. ഇരയെന്ന നിലയിൽ തനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു ഭാവവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.

Tags:    

Similar News