രഹസ്യമായി ഗള്‍ഫിൽ നിന്നെത്തി,ഭാര്യയെ നഗ്നയാക്കി കെട്ടിത്തൂക്കി കൊന്നു: ഭർത്താവിന് ജീവപര്യന്തം തന്നെ ശിക്ഷ
Kerala High Court upholds life sentence for a husband who murdered his wife
EveningKeralaNews : പയ്യന്നൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിൻറെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇന്ത്യൻ വനിതകളാരും സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും മൃതശരീരം അങ്ങനെ കണ്ടെത്തുന്നതുതന്നെ കൊലപാതകത്തിന്റെ സൂചനയായതിനാൽ ആത്മഹത്യവാദം ദുർബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്.
അഴീക്കൽ സ്വദേശിക്ക് തലശ്ശേരി അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്.
ഗാർഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി. പ്രതിയുടെ അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. സംശയം ഒരു രോഗമാണെന്നും ചികിത്സിച്ചില്ലെങ്കിൽ ഒരുവനെ അന്ധനാക്കുമെന്നും അതിന്റെ പ്രത്യാഘാതം ദുരന്തമായിരിക്കുമെന്നും കോടതി വിധിന്യായത്തിൽ കുറിച്ചിട്ടുണ്ട്. പ്രതി ഭാര്യയെ സംശയിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2010 ജനുവരി 22-നാണ് യുവതിയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെയും കുഞ്ഞിനെയും കാണാതായതടക്കം സംശയാസ്പദമായ സാഹചര്യങ്ങളുമുണ്ടായിരുന്നു. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇന്ത്യയിൽ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത പോലീസ് സർജൻ തന്റെ 33 വർഷത്തെ സർവീസ് പരിചയത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് കോടതി ഗൗരവത്തിലെടുത്തു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 30 പേരെയെങ്കിലും മാസംതോറും പോസ്റ്റ്‌മോർട്ടം നടത്താറുണ്ട്. ഒരു സ്ത്രീപോലും നഗ്നയായി ജീവനൊടുക്കിയത് അനുഭവത്തിലില്ലെന്ന് അദ്ദേഹം അറിയിച്ചു. ഒരു ഇന്ത്യൻ സ്ത്രീയും അല്പ വസ്ത്രധാരിയായി കടലിൽച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും കോടതി പരിഗണിച്ചു.
യു.എ.ഇ.യിൽ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിനായി ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി യുവതി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധവുമുണ്ടായിരുന്നു. കൊല നടത്തുന്നതിന് ഏതാനും ദിവസം മുൻപ് പ്രതി രഹസ്യമായി ഗൾഫിൽ നിന്നെത്തി. പല സ്ഥലത്തും കറങ്ങിയ ശേഷമാണ് പയ്യന്നൂരെ ലോഡ്ജിൽ വ്യാജ പേരിൽ മുറിയെടുത്തത്.
കൊലയ്ക്കുശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ അവിടെ നിന്ന് തിരിച്ചെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാൾ രഹസ്യമായി നാട്ടിലെത്തിയതിന് വിമാന യാത്രാ രേഖകൾ ഉൾപ്പെടെ തെളിവുകളും കണ്ടെത്തി. യുവതിയെ മദ്യം നൽകി മയക്കിയ ശേഷം ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പോലീസും വിചാരണക്കോടതിയും കണ്ടെത്തിയത്.