കാപ്പ പ്രതിയുടെ സ്വകാര്യഭാഗത്ത് തീക്കനൽ വാരിയിട്ടു, ദേഹമാസകലം മുറിവേൽപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ
പത്തനംതിട്ട: കണ്ണൂർ ജില്ലയിലെ കാപ്പ കേസിലുൾപ്പെട്ട പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ടു കാപ്പ കേസ് പ്രതികളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ്…
പത്തനംതിട്ട: കണ്ണൂർ ജില്ലയിലെ കാപ്പ കേസിലുൾപ്പെട്ട പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ടു കാപ്പ കേസ് പ്രതികളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ ജെറിൽ പി ജോർജിനെ (25) ക്രൂരമായി പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ക്രിമിനൽ കേസ് പ്രതികളായ ഏഴംകുളം നെടുമൺപറമ്പ് വയൽകാവ് മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു വിജയൻ (30), കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാൻവിള കിഴക്കേതിൽ ശ്യാം (24) എന്നിവരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 18നാണ് കേസിന് ആസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായതിനെത്തുടർന്ന്, കാപ്പ നടപടിപ്രകാരം ജയിലിലായ അടൂർ ഇളമണ്ണൂർ മാരൂർ സ്വദേശികളായ സൂര്യലാൽ, ചന്ദ്രലാൽ എന്നീ സഹോദരങ്ങളുടെ വീട്ടിൽവച്ചാണ് പ്രതികൾ ജെറിലിനെ മർദിച്ചത്. കാപ്പ നടപടികൾക്കു വിധേയനായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം എന്നിവരെയും സൂര്യലാലിനെയും, ചന്ദ്രലാലിനെയും ജെറിൽ പരിചയപ്പെടുന്നത്. ഇതേസമയം മറ്റൊരു കേസിൽ പ്രതിയായി കാർത്തിക്കും ജയിലിൽ ഉണ്ടായിരുന്നു.
ജയിലിൽനിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിന്റെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തികവിഷയത്തിൽ ഇവിടെവച്ച് പരസ്പരം തർക്കമുണ്ടായതിനെ തുടർന്ന്, പ്രതികൾ ജെറിലിന്റെ പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചെന്നാണ് പരാതി.
ലൈംഗികാവയവത്തിലും ഇരു തുടകളിലും തീക്കനൽ വാരിയിട്ട് പൊള്ളിക്കുകയും എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ പെല്ലറ്റില്ലാതെ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. പിന്നീട് പിസ്റ്റളിൽ പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചതായും ഇരുമ്പുകമ്പി കൊണ്ട് ദേഹമാസകലം മർദിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദേഹമാസകലം പരുക്കേറ്റ ജെറിലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറാകാതെ പ്രതികൾ അഞ്ചു ദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
ഇവിടെനിന്നും രക്ഷപ്പെട്ട ജെറിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർ മർദന വിവരം അറിച്ചതിനെ തുടർന്ന് അടൂർ പൊലീസ് ആശുപത്രിയിൽ എത്തി. അപ്പോഴേക്കും പ്രതികളെ ഭയന്ന് ജെറിൽ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട് കണ്ണൂരിലേക്കു പോയിരുന്നു. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നിർദേശപ്രകാരം പൊലീസ് കണ്ണൂരിൽ എത്തി ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് പ്രതികൾ യുവാവിനെ മർദിക്കാൻ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ജെറിലിന്റെ പേരിൽ ലഹരിമരുന്ന്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുടെ വിൽപനയുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. വിഷ്ണു വിജയന്റെ പേരിൽ പതിനഞ്ചോളം ക്രിമിനൽ കേസുകളും, ശ്യാമിന്റെ പേരിൽ എട്ടോളം കേസുകളും നിലവിലുള്ളതായും, കാർത്തിക് പിടിച്ചുപറി, വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾ അതിക്രൂരമായി യുവാവിനെ മർദിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
സൂര്യലാലിനോടും ചന്ദ്രലാലിനോടുമുള്ള വിരോധം കാരണം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇവരുടെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ഇവരുടെ അമ്മ സുജാതയെ ക്രൂരമായി മർദിക്കുകയും വീട് മുഴുവൻ അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ സുജാത മരണപ്പെടുകയും കേസിൽ ഉൾപ്പെട്ട പതിനാലോളം പ്രതികളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏനാത്ത് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ഒളിവിലായിരുന്ന രണ്ടു പേരും അമ്മയുടെ സംസ്കാര ചടങ്ങുകൾക്ക് എത്തിയപ്പോൾ അറസ്റ്റിലായി. ഈ കേസിൽ ജയിലിൽ കഴിഞ്ഞുവരവേ കാപ്പ നടപടികൾക്കു വിധേയരായി. കേസിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.