പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് അനുവദിച്ചു; ഫീസായി ഈടാക്കിയത് ഏഴ് ലക്ഷം; നടപടി കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കേ

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കക്കാടംപൊയിലെ പാർക്കിന് ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ആയി ഈടാക്കി. കൂടാതെ…

;

By :  Editor
Update: 2024-02-07 23:10 GMT

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കക്കാടംപൊയിലെ പാർക്കിന് ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ആയി ഈടാക്കി. കൂടാതെ റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസിൽ അടച്ചു. പാർക്കിന് അനുമതി നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലൈസൻസ് നൽകിയത്.

എംഎൽഎയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്ക് ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പാർക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നെന്നും എന്നാൽ അനുബന്ധ രേഖകളിൽ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത് അറിയിച്ചു.

ഇതോടെ ലൈസൻസ് ഇല്ലാത്ത പാർക്ക് എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെടുകയായിരുന്നു. പാർക്ക് പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിനോടു വിശദീകരണം തേടിയത്.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നായിരുന്നു പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്നും പരാതി ഉയർന്നിരുന്നു.

Tags:    

Similar News