സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ചൂട് കൂടും , എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില കൂടുതല്‍ ജില്ലകളില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും…

By :  Editor
Update: 2024-02-21 03:43 GMT

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില കൂടുതല്‍ ജില്ലകളില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കാണ് പുതിയ താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30 വരെയാണ് പുനഃക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബര്‍ കമ്മീഷണറേറ്റിന്റെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.

Tags:    

Similar News