കാണാതായ ബിജെപി പ്രവർത്തകയുടെ മൃതദേഹം പ്ലേസ്കൂൾ കെട്ടിടത്തിൽ; കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ്
കാണാതായ ബിജെപി പ്രവർത്തകയുടെ മൃതദേഹം ഡൽഹിയിലെ നരേലയിലുള്ള പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. ഫെബ്രുവരി 24ന് കാണാതായ വർഷ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നരേലയിലെ…
;കാണാതായ ബിജെപി പ്രവർത്തകയുടെ മൃതദേഹം ഡൽഹിയിലെ നരേലയിലുള്ള പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. ഫെബ്രുവരി 24ന് കാണാതായ വർഷ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നരേലയിലെ സ്വതന്ത്രനഗറിലെ താമസക്കാരിയാണ് വർഷ.
വർഷയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് വിജയ് കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി 23നാണ് വർഷ തന്റെ ബിസിനസ് പങ്കാളിയായ സോഹൻലാലിനെ കാണാനായി വീട്ടിൽ നിന്നു പോയത്. സോഹൻലാലുമായി ചേർന്ന് വർഷ ഒരു പ്ലേസ്കൂൾ തുടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നതായി പിതാവ് വിജയ് കുമാർ പരാതിയിൽ പറയുന്നു. എന്നാൽ പ്ലേസ്കൂൾ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഫെബ്രുവരി 24ന് വര്‍ഷയുടെ ഫോണിലേക്കു വിളിച്ചപ്പോൾ ഒരു അജ്ഞാതനാണ് ഫോണെടുത്തതെന്ന് വിജയ് കുമാർ പറഞ്ഞു. ‘‘സോനിപ്പത്തിലെ റെയിൽവേ പാളത്തിനു സമീപത്തു നിന്നാണ് അയാള്‍ വർഷയുടെ ഫോണിൽ സംസാരിച്ചത്. ഒരു പുരുഷൻ ആത്മഹത്യക്കു ശ്രമിക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞു. തുടര്‍ന്ന് വിഡിയോകോൾ ചെയ്തു. സോഹനായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചയാൾ.’’– വിജയ് കുമാർ വ്യക്തമാക്കി. എന്നാൽ ഉടൻ തന്നെ അവിടെ എത്തിയെങ്കിലും സോഹനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് പ്ലേസ്കൂളിൽ പരിശോധന നടത്തിയെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പൊലീസ് എത്തുമ്പോൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഓഫിസ് അടച്ചിട്ട നിലയിലായിരുന്നു. സോഹന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വർഷയെയോ സോഹനെയോ പറ്റി യാതൊരു വിവരവും ലഭിച്ചില്ല.
തുടർന്ന് ഫെബ്രുവരി 28ന് വിജയ് കുമാർ പ്ലേസ്കൂളിലെത്തി. കെട്ടിടത്തിന്റെ ഉടമയോട് സ്കൂളിന്റെ അടഞ്ഞുകിടക്കുന്ന ഷട്ടർ തുറക്കാൻ ആവശ്യപ്പെട്ടു. ഷട്ടർ തുറന്നപ്പോഴാണ് വർഷയുടെ മൃതദേഹം ഒരു ഡെസ്കിനു മുകളിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം . വർഷയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സോഹനു വേണ്ടിയുള്ള പരിശോധന നടത്തുന്നതിനിടെ ഫെബ്രുവരി 25ന് സോനിപ്പത്തിലെ റെയിൽവേ ട്രാക്കിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധം ഒരു മൃതദേഹം പൊലീസിനു ലഭിച്ചു. ഇത് സോഹൻലാലിന്റെതാണെന്നാണ് നിഗമനം. വർഷയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.