18 പേര്‍ ചേര്‍ന്ന് ക്രൂരമര്‍ദനം; സാങ്കല്‍പിക കസേരയിലിരുത്തി- ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്
കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്ത്. സിദ്ധാര്‍ഥന് അതിക്രൂരമായ മര്‍ദനം നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.…
കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്ത്. സിദ്ധാര്‍ഥന് അതിക്രൂരമായ മര്‍ദനം നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 18 പേര്‍ ചേര്‍ന്ന് പലയിടങ്ങളില്‍വെച്ച് സിദ്ധാര്‍ഥനെ മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 16-ന് രാത്രിയാണ് മര്‍ദനം ആരംഭിച്ചത്. ആദ്യം സമീപത്തെ മലമുകളില്‍ കൊണ്ടുപോയാണ് മര്‍ദിച്ചത്. തുടര്‍ന്ന് വാട്ടര്‍ ടാങ്കിന് സമീപത്തുവെച്ചും ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയില്‍വെച്ചും സിദ്ധാര്‍ഥന് മര്‍ദനമേല്‍ക്കേണ്ടിവന്നു. 97 കുട്ടികളില്‍ നിന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷം വിദ്യാര്‍ഥികളും ഒന്നും വെളിപ്പെടുത്താന്‍ തയ്യറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന സിന്‍ജോ ജോണ്‍സണ്‍ അതിക്രൂരമായാണ് സിദ്ധാര്‍ഥനെ മര്‍ദിച്ചത്. കഴുത്തില്‍ പിടിച്ച് തൂക്കിയെടുത്ത് സിദ്ധാര്‍ഥന്റെ വയറിലും മുതുകത്തും പലതവണ ചവിട്ടി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റല്‍ ഇടനാഴിയിലൂടെ നടത്തുകയും ചെയ്തു. നിലവിളി കേട്ടതായി പല വിദ്യാര്‍ഥികളും മൊഴി നല്‍കിയിട്ടുണ്ട്.
ബെല്‍റ്റും ഗ്ലൂ ഗണ്ണിന്റെ വയറും ഉപയോഗിച്ചും സിദ്ധാര്‍ഥനെ മര്‍ദിച്ചു. പരസ്യമായി മാപ്പു പറയിക്കുകയും സാങ്കല്‍പിക കസേരയില്‍ ഇരുത്തുകയും ചെയ്തു. എന്നാല്‍ ഇരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പല തവണ സിദ്ധാര്‍ഥന്‍ വീണു. മെന്‍സ് ഹോസ്റ്റലില്‍ 130 പേരുണ്ടായിട്ടും നൂറില്‍ അധികം പേരും മൊഴി നല്‍കിയത് ഇതൊന്നും കണ്ടില്ല എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല വിദ്യാര്‍ഥികളും കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിച്ചുനിന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, 2019, 2022 അഡ്മിഷന്‍കാരായ രണ്ടുകുട്ടികള്‍ക്ക് നേരെയും മുന്‍പ് ഇത്തരത്തില്‍ പീഡനം നടന്നിരുന്നു. അന്നും അധികൃതര്‍ ഇതൊന്നും അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.