'ജാസി ഗിഫ്റ്റിനൊപ്പം; പ്രിൻസിപ്പലിന്റെ നടപടി അപക്വം, തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണം': സജി ചെറിയാൻ

തിരുവനന്തപുരം∙ സെന്റ് പീറ്റേഴ്സ് കോളജ് ദിനാഘോഷത്തിൽ അതിഥിയായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം…

By :  Editor
Update: 2024-03-16 10:41 GMT

തിരുവനന്തപുരം∙ സെന്റ് പീറ്റേഴ്സ് കോളജ് ദിനാഘോഷത്തിൽ അതിഥിയായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണെന്ന് മന്ത്രി തുറന്നടിച്ചു. കോളജിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സാംസ്കാരിക കേരളത്തിന്റെ പിന്തുണ ജാസി ഗിഫ്റ്റിനൊപ്പമുണ്ടെന്നും മന്ത്രി കുറിച്ചു.

‘മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്.’’ – മന്ത്രി സജി ചെറിയാൻ കുറിച്ചു.

ജാസി ഗിഫ്റ്റിനൊപ്പം സഹ ഗായകൻ പാടുന്നത് പ്രിൻസിപ്പൽ തടഞ്ഞതാണ് തർക്കത്തിനു കാരണമായത്. തനിക്ക് ഒപ്പം എത്തിയ ആൾ പാട്ടു പാടുന്നതു തടഞ്ഞ പ്രിൻസിപ്പലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ടിരുന്നു.

വ്യാഴാഴ്ച കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ വിദ്യാർഥികളുടെ ക്ഷണപ്രകാരമാണ് ജാസി ഗിഫ്റ്റ് എത്തിയത്. ഉദ്ഘാടനാനന്തരം ജാസി ഗിഫ്റ്റും അദ്ദേഹത്തിനൊപ്പം എത്തിയ ആളും പാട്ടു പാടി. ജാസി ഗിഫ്റ്റിനു മാത്രമേ പാട്ടു പാടാൻ അനുവാദം നൽകിയിട്ടുള്ളുവെന്നു പ്രിൻസിപ്പൽ വേദിയിലെത്തി മൈക്കിലൂടെ അനൗൺസ് ചെയ്തതോടെ തർക്കം തുടങ്ങി. പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുകളുണ്ടാകുമെന്നും പ്രിൻസിപ്പലിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു ജാസി ഗിഫ്റ്റ് മടങ്ങിപ്പോയി.

അതിഥിയായ ജാസി ഗിഫ്റ്റിനു മാത്രമേ പാട്ടു പാടാൻ അനുവാദമുള്ളൂവെന്ന് വിദ്യാർഥി പ്രതിനിധികളുമായി നേരത്തെ ധാരണയിലെത്തിയിരുന്നതാണെന്നും കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പരിപാടികൾ അവതരിപ്പിക്കരുതെന്ന് വേദിയിൽ ഓർമപ്പെടുത്തുക മാത്രമാണുണ്ടായതെന്നുമാണ് പ്രിൻസിപ്പലിന്റെ നിലപാട്. ജാസി ഗിഫ്റ്റിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തോട് ഇക്കാര്യങ്ങൾ വിദ്യാർഥികൾ പറയാൻ വിട്ടുപോയതായിരിക്കാം ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും അവർ പറഞ്ഞിരുന്നു.

Tags:    

Similar News