പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.…
;കോഴിക്കോട്: കോഴിക്കോട് നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. റിമാന്‍ഡിലുളള പ്രതി മുജീബ് റഹ്‍മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേതുടര്‍ന്ന് കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു.
അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം വിറ്റ് 1,43000 രൂപയാണ് മുജീബിന് കിട്ടിയത്. ആദ്യം ചോദ്യം ചെയ്യലില്‍ സ്വര്‍ണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചു എന്നാണ് പൊലീസിനോട് മുജീബ് പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വിറ്റ പണം ഭാര്യ റൗഫീനയെ ഏല്‍പ്പിച്ചതായി വ്യക്തമായത്.
ഈ പണം എങ്ങനെ കിട്ടി എന്ന കാര്യവും ഭാര്യയോട് ഇയാള്‍ വെളിപ്പെടുത്തി. പണം ഉപയോഗിച്ച് കാര്‍ വാങ്ങിക്കാനും ഇരുവരും ശ്രമിച്ചു. കഴിഞ്ഞ 16ന് മുജീബ് അറസ്റ്റിലായതോടെ ഇവരുടെ കണക്കൂ കൂട്ടലുകള്‍ പാളി. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ പണം റൗഫീന കൂട്ടുകാരിയുടെ പക്കല്‍ കൊടുത്തു.
കൂട്ടുകാരിക്ക് കൈമാറിയ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന റൗഫീന, മുജീബിന് ചെറിയ കയ്യബദ്ധം പറ്റിയെന്ന തരത്തിലാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. സ്വര്‍ണം മോഷ്ടിച്ച വിവരമൊന്നും ആരേയും അറിയിച്ചില്ല. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു.
ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ അനുവിന്‍റെ സ്വര്‍ണ മാലയും മോതിരവും കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാര്‍ച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. വാളൂരിലെ വീട്ടില്‍ നിന്ന് പോയ അനുവിനെ പ്രതി ബൈക്കില്‍ ലിഫ്റ്റ് നല്‍കി വാളൂരിലെ തോട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
പ്രതി മുജീബ് അറുപതോളം കേസുകളില്‍ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങളിൽ മുജീബ് ധരിച്ച പാന്‍റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്.സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്.
പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്.മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്‍. മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി. 2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്.
പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്. കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബ് സ്വൈര്യ വിഹാരം നടത്തിയത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്.