കേന്ദ്ര സർവിസിൽ എൽ.ഡി ക്ലർക്ക്
കേന്ദ്ര സർവിസുകളിലും മറ്റും ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ (ഗ്രൂപ് സി) തസ്തികകളിൽ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ 2024 വർഷം…
കേന്ദ്ര സർവിസുകളിലും മറ്റും ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ (ഗ്രൂപ് സി) തസ്തികകളിൽ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ 2024 വർഷം ദേശീയതലത്തിൽ നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി (10 + 2) ലെവൽ പരീക്ഷയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി മേയ് ഏഴുവരെ അപേക്ഷിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത പ്രാഥമിക പരീക്ഷ (ടയർവൺ) ജൂൺ/ജൂലൈ മാസത്തിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. ലക്ഷദ്വീപിൽ കവരത്തിയാണ് സെന്റർ. ടയർ വൺ പരീക്ഷയിൽ യോഗ്യത നേടുന്നവരെ ടയർ 2 പരീക്ഷയിൽ പങ്കെടുപ്പിക്കും. ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികക്ക് സ്കിൽ ടെസ്റ്റും എൽ.ഡി ക്ലർക്ക്/ജെ.എസ്.എ തസ്തികക്ക് ടൈപ്പിങ് ടെസ്റ്റും ഉണ്ടാവും.
വിശദവിവരങ്ങളടങ്ങിയ കൈമ്പൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷാ വിജ്ഞാപനം https://ssc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിവിധ സർവിസുകളിലായി നിലവിൽ 3712 ഒഴിവുകളാണുള്ളത്. ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ എൽ.ഡി ക്ലർക്ക് നിയമനത്തിന് ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.
ചില വകുപ്പുകളിൽ ഡേറ്റ എൻട്രി തസ്തികയിൽ നിയമനത്തിന് മാത്തമാറ്റിക്സ് ഉൾപ്പെടെയുള്ള ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണമെന്നുണ്ട്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
2024 ആഗസ്റ്റ് ഒന്നിനകം യോഗ്യത നേടിയിരിക്കണം. 1.8.2024ൽ പ്രായപരിധി 18-27 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർ, വിധവകൾ മുതലായ മറ്റ് വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 100 രൂപ.
വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. മേയ് എട്ടു വരെ ഫീസ് ഓൺലൈനായി അടക്കാം. അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് മേയ് 10, 11 തീയതികളിൽ സൗകര്യം ലഭിക്കും.
മലയാളം, തമിഴ്, കന്നട, ഉർദു, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 15 ഭാഷകളിലാണ് പരീക്ഷ. ശ്രദ്ധാപൂർവം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. സെലക്ഷൻ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്നുമാണ് നിയമനം.
എൽ.ഡി ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ 19,900-63,200 രൂപ ശമ്പള നിരക്കിലും ഡേറ്റ എൻട്രി തസ്തികയിൽ 25,500-81,100 രൂപ ശമ്പള നിരക്കിലുമാണ് നിയമനം. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.