അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമം; കാസര്‍കോട് കിണറ്റില്‍ വീണ പുള്ളിമാനെ രക്ഷപ്പെടുത്തി

മടിക്കൈ: കാസര്‍കോട് എരിപ്പില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ പുള്ളിമാനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. എരിപ്പില്‍ മൂന്ന് റോഡില്‍ ഭജനമഠത്തിന് സമീപത്തെ പി.വി. ജാനകിയുടെ പറമ്പിലെ…

By :  Editor
Update: 2024-04-21 07:54 GMT

മടിക്കൈ: കാസര്‍കോട് എരിപ്പില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ പുള്ളിമാനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. എരിപ്പില്‍ മൂന്ന് റോഡില്‍ ഭജനമഠത്തിന് സമീപത്തെ പി.വി. ജാനകിയുടെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറിലാണ് പുള്ളിമാന്‍ വീണത്. നാട്ടുകാരുടെയും സഹകരണത്തോടെ അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് വലയില്‍ കുരുക്കി മാനിനെ കരകയറ്റാനായത്.

ഞായറാഴ്ച രാവിലെ ആറുമണിക്ക് പറമ്പില്‍ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ കെ.വി. സുകുമാരനാണ് കിണറ്റില്‍ വീണ നിലയില്‍ പുള്ളിമാനിനെ ആദ്യം കണ്ടത്. തുടര്‍ന്ന് നീലേശ്വരം പോലീസിലും വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലും അറിയിച്ചു. വൈകാതെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരുതവണ വലയില്‍ കുരുങ്ങിയ മാന്‍ കരയ്ക്ക് എത്താറായപ്പോഴേക്കും വീണ്ടും കിണറ്റില്‍ വീണു.

വനം വകുപ്പ് ജീവനക്കാരന്‍ കിണറ്റിലിറങ്ങിയാണ് വീണ്ടും മാനിനെ വലയിലാക്കിയത്. പതിനൊന്ന് മണി കഴിഞ്ഞാണ് മാനിനെ കരയിലെത്തിച്ചത്. നാട്ടുകാരുടെയും സഹകരണത്തോടെ അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് വലയില്‍ കുരുക്കി മാനിനെ കരകയറ്റാനായത്. ആറ് മീറ്ററോളം ആഴവും മൂന്നടിയോളം വെള്ളവുമുള്ള കിണറ്റില്‍ ശനിയാഴ്ച രാത്രിയാകാം മാന്‍ അകപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെള്ളിയാഴ്ച കിണറിന് സമീപമുള്ള പറമ്പില്‍ ഒരു പുള്ളിമാന്‍ അതിന്റെ കുഞ്ഞിനൊപ്പം നടക്കുന്നത് കണ്ടതായി നാട്ടുകാരനായ കാര്യളം കണ്ണന്‍ പറഞ്ഞു. ഇവിടെ അടുത്തുള്ള മറ്റൊരു കിണറില്‍ ഫെബ്രുവരി 20-ന് ഒരു കാട്ടുപോത്ത് വീണിരുന്നു. ആ കിണറിന് 200 മീറ്റര്‍ അകലെയുള്ള കിണറിലാണ് ഇപ്പോള്‍ മാനും വീണത്.കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തിയ പുള്ളിമാനെ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ എ.പി. ശ്രീജീത്തിന്റെ നിര്‍ദേശപ്രകാരം എളേരി കമ്പല്ലൂര്‍ റിസര്‍വ് വനത്തിലെ ഉള്‍ക്കാട്ടില്‍ വിട്ടതായി മരുതോം സെക്ഷന്‍ ഓഫീസര്‍ ബി.എസ്. വിനോദ് കുമാര്‍ അറിയിച്ചു. മരുതോം സെക്ഷന്‍ ജീവനക്കാരും ഭീമനടി സെക്ഷന്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
Tags:    

Similar News