വൈറ്റ്ഹൗസ് ആക്രമണ കേസ്: ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി
വാഷിങ്ടൺ: ട്രക്ക് ഉപയോഗിച്ച് വൈറ്റ്ഹൗസ് ആക്രമിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി. സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നാസി ജർമ്മനിയുടെ ആശയങ്ങൾ നടപ്പാക്കാനാണ് പ്രതി…
;വാഷിങ്ടൺ: ട്രക്ക് ഉപയോഗിച്ച് വൈറ്റ്ഹൗസ് ആക്രമിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി. സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നാസി ജർമ്മനിയുടെ ആശയങ്ങൾ നടപ്പാക്കാനാണ് പ്രതി വൈറ്റ് ഹൗസ് ആക്രമിച്ചതെന്ന് യു.എസ് അറ്റോണി അറിയിച്ചു.
സായ് വർഷിത് കണ്ടുലയെന്ന മിസൗറിയിൽ നിന്നുള്ളയാളാണ് വൈറ്റ്ഹൗസിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചത്. കേസിലെ വിധി ആഗസ്റ്റ് 23ന് യു.എസ് ജില്ലാ കോടതി ജഡ്ജി പ്രസ്താവിക്കും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കുകയായിരുന്നു കണ്ടുലയുടെ ലക്ഷ്യമെന്ന് യു.എസ് അറ്റോണി മാത്യു ഗ്രേവ്സ് പറഞ്ഞു. പ്രസിഡന്റിനെ വധിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
മിസൗറിയിൽ നിന്നും വിമാനത്തിൽ 2023 മെയ് 22ന് ഇയാൾ വാഷിങ്ടണിലെത്തുകയായിരുന്നു. ഡള്ളാസ് വിമാനത്താവളത്തിൽ അഞ്ചരയോടെ എത്തിയ ഇയാൾ ആറരക്ക് ഒരു ട്രക്ക് വാടകക്കെടുത്തു. തുടർന്ന് രാത്രി ഒമ്പതരയോടെ വൈറ്റ്ഹൗസിലെ സുരക്ഷാബാരിയറിലേക്ക് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ഒരു തവണ ട്രക്ക് ഇടിപ്പിച്ചതിന് ശേഷം റിവേഴ്സെടുത്ത് വീണ്ടും ബാരിയറിലേക്ക് ഇടിപ്പിച്ചു. രണ്ടാമത്തെ ഇടിയിൽ ട്രക്കിൽ നിന്നും ഇന്ധനം ചോരുകയും എൻജിനിൽ നിന്നും പുക ഉയരുകയും ചെയ്തു. തുടർന്ന് ട്രക്കിൽ നിന്നിറങ്ങി സ്വാസ്തിക ചിഹ്നമുള്ള നാസികളെ പിന്തുണക്കുന്ന ബാനർ പുറത്തെടുത്തു. ഇയാളെ വൈറ്റ് ഹൗസിലെ സുരക്ഷാജീവനക്കാരെത്തി പിടികൂടുകയായിരുന്നു.