വെറ്റില പാൻ കഴിച്ച 12 വയസ്സുകാരിയുടെ ആമാശയത്തിൽ ദ്വാരം; അടിയന്തര ശസ്ത്രക്രിയ

Bengaluru: 12-Year Girl Undergoes Surgery After Liquid Nitrogen Paan Causes Hole In Her Stomach

By :  Editor
Update: 2024-05-20 23:00 GMT

ലിക്വി‍ഡ് നൈട്രജൻ (ഡ്രൈ ഐസ്) ചേർത്ത വെറ്റില പാൻ കഴിച്ച 12 വയസ്സുകാരിയുടെ ആമാശയത്തിൽ ദ്വാരം വീണു. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ബെംഗളൂരുവിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കവേയാണ് കുട്ടി പാൻ കഴിച്ചത്.

കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ ആമാശയത്തിൽ ദ്വാരം കണ്ടെത്തി. ഉടൻ തന്നെ നടത്തിയ ശസ്ത്രക്രിയ വിജയിച്ചെന്നും പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഏപ്രിലിൽ ദാവനഗരെയിൽ ‘പുക ബിസ്കറ്റ്’ കഴിച്ച കുട്ടിയെയും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഡ്രൈ ഐസ് ഭക്ഷണപദാർഥങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതു പരിഗണിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചിരുന്നു.

നേരത്തേ ഇവ നിരോധിച്ച തമിഴ്നാട് സർക്കാർ, നിർദേശം ലംഘിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്സവം, കല്യാണം, പാർട്ടികൾ എന്നിവയിലാണ് പുക ബിസ്കറ്റ്, ഡ്രൈ ഐസ് തുടങ്ങിയവ കൂടുതലായും വിൽക്കുന്നത്. ഇവ കുട്ടികളുടെ ഉള്ളിൽ ചേർന്നാൽ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെടുന്നതിനൊപ്പം മരണം സംഭവിക്കാൻ വരെ സാധ്യതയുണ്ട്.

Tags:    

Similar News