ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്ന്: ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു; പോലീസുകാരെ കൊണ്ടുപോയത് സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞ്

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്…

By :  Editor
Update: 2024-05-27 22:43 GMT

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്നു ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിന് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞു. ഈയിടെ റിലീസായ സിനിമയിൽ ഫെയ്സൽ അഭിനയിച്ചിരുന്നു. എന്നാൽ, ഫെയ്സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികളോടു വിശദീകരിച്ചത്. സംഭവത്തിൽ പൊലീസുകാരെയും സസ്പെൻഡ് ചെയ്തു.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ (എം.ജെ.ഫെയ്സൽ–46) അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടിൽ നടന്ന റെയ്ഡിൽ കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂർ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്സലിന്റെ വീട്ടിലെത്തിയത്. അൽപസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ‍ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.

ഫെയ്സലിനെ പൊലീസുകാർക്കു മുൻപരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി സാബു മുൻപ് എറണാകുളം റൂറലിൽ ജോലി ചെയ്തിട്ടുണ്ട്. എസ്ഐക്കു ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാൻ അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ചശേഷം ഫെയ്സലിനെയും വീട്ടിലെ ജോലിക്കാരൻ ഷബ്നാസിനെയും കരുതൽ അറസ്റ്റോടെയും പൊലീസുകാരെ വിവരങ്ങൾ രേഖപ്പെടുത്തിയും വിട്ടയച്ചു. ഗുണ്ടകൾ ഏർപ്പാടാക്കിയ കാറിലാണ് ഡിവൈഎസ്പി മടങ്ങിയത്.

Tags:    

Similar News