ആൺവേഷം കെട്ടി മോഷണം; ഗർഭിണിയും ഭർത്താവും അറസ്റ്റിൽ

ഹരിപ്പാട് : സ്‌കൂട്ടർയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസിൽ അഞ്ചുമാസം ഗർഭിണിയായ യുവതിയും ഭർത്താവും അറസ്റ്റിൽ. കരുവാറ്റ വടക്ക് കൊച്ചുകടത്തേരിൽ പ്രജിത്ത്…

By :  Editor
Update: 2024-06-05 00:54 GMT

ഹരിപ്പാട് : സ്‌കൂട്ടർയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസിൽ അഞ്ചുമാസം ഗർഭിണിയായ യുവതിയും ഭർത്താവും അറസ്റ്റിൽ. കരുവാറ്റ വടക്ക് കൊച്ചുകടത്തേരിൽ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്.

പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനുപിന്നിൽ ആൺവേഷംകെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും കേസന്വേഷിച്ച കരീലക്കുളങ്ങര എസ്.എച്ച്.ഒ. എൻ. സുനീഷ് പറഞ്ഞു. മേയ് 25-നു രാത്രി ഏഴരയോടെ മുട്ടത്തുനിന്ന് നാലുകെട്ടുംകവലയിലേക്കുള്ള എൻ.ടി.പി.സി. റോഡിലായിരുന്നു സംഭവം.

രാമപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി, പള്ളിപ്പാട് നാലുകെട്ടുംകവല കവലയ്ക്കൽ ആര്യ(23)യാണ് ആക്രമിക്കപ്പെട്ടത്. പിടിച്ചുപറിച്ച ആഭരണങ്ങൾ പ്രതികൾ വിറ്റിരുന്നു. പോലീസ് ഇതു വീണ്ടെടുത്തു. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെടുത്തു.

ആര്യയുടെ സ്‌കൂട്ടറിനുപിന്നിൽ പ്രതികൾ സ്‌കൂട്ടർ ഇടിച്ചുകയറ്റുകയായിരുന്നു. തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന ഭാവത്തിൽ എഴുന്നേൽപ്പിച്ചശേഷം മാലപൊട്ടിക്കാൻ ശ്രമിച്ചു. അപകടം തിരിച്ചറിഞ്ഞ ആര്യ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രജിത്ത് മുടിക്കുപിടിച്ചുനിർത്തി കൈച്ചെയിനും പാദസരങ്ങളിലൊന്നും മോതിരവും ഊരിയെടുത്തു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു.

ശക്തമായി മഴയുണ്ടായിരുന്നു. മോഷണത്തിനിടെ പ്രതികൾ ആര്യയുടെ മൊബൈൽ ഫോൺ വെള്ളക്കെട്ടിലേക്കു വലിച്ചെറിഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. തന്നെ ഇടിച്ചുവീഴ്ത്തിയത് രണ്ടു പുരുഷന്മാരാണെന്നായിരുന്നു ആര്യയുടെ മൊഴി. എന്നാൽ, ചില സി.സി.ടി.വി. ദൃശ്യങ്ങളിൽ പുരുഷനെയും സ്ത്രീയെയും കണ്ടു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് കരുവാറ്റയിലെ വീട്ടിൽനിന്ന് പ്രതികളെ പിടികൂടിയത്.

മോഷണശേഷം കായംകുളം ഭാഗത്തേക്കാണ് പ്രതികൾ പോയത്. ഇതിനിടയിൽ പ്രജിത്ത് ഉടുപ്പു മാറി. കായംകുളത്ത് എത്തിയശേഷമാണ് രാജി ധരിച്ചിരുന്ന ഉടുപ്പും പാന്റ്സും മാറിയത്. ഡാണാപ്പടിയിലെ ഒരു കടയിൽ ആഭരണങ്ങൾ വിറ്റശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങിയ പ്രതികൾ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

Tags:    

Similar News