കളിയിക്കാവിളയിലെ കൊലപാതകം; തെര്‍മോക്കോള്‍ കട്ടര്‍ കഴുത്തില്‍ കുത്തിയിറക്കി കൊന്നു;പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിനെ കാറിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കളിയിക്കാവിളയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് അമ്പിളി (ചൂഴാറ്റുകോട്ട അമ്പിളി) ദീപുവിന്റെ പരിചയക്കാരനായിരുന്നുവെന്ന് പൊലീസ്.…

By :  Editor
Update: 2024-06-26 09:13 GMT

തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിനെ കാറിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കളിയിക്കാവിളയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് അമ്പിളി (ചൂഴാറ്റുകോട്ട അമ്പിളി) ദീപുവിന്റെ പരിചയക്കാരനായിരുന്നുവെന്ന് പൊലീസ്. കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഇയാള്‍ ജയില്‍ മോചിതനായ ശേഷം പശു വളര്‍ത്തല്‍ പോലുള്ള കാര്യങ്ങളാണു ചെയ്തിരുന്നത്. മലയത്തുനിന്നാണ് അമ്പിളിയെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്രതി കുറ്റം സമ്മതിച്ചെങ്കിലും ഇയാളുടെ മൊഴികള്‍ ഏറെ സങ്കീര്‍ണത നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്. ശാരീരികമായി അവശനായ പ്രതിക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവുമോയെന്നും പോലീസ് സംശയിക്കുന്നു. അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രതിയുമായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തിലെത്തി.

ക്വാറി ഉടമയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്പിളി എന്ന സജികുമാറിനെയാണ് കന്യാകുമാരി എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തെ ഗുണ്ടയായിരുന്ന അമ്പിളി ദീപുവിന്റെ വീടിന് സമീപം ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. ഇയാള്‍ മുമ്പ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുണ്ട്. അതേസമയം, ശാരീരികമായി അവശനായിരുന്ന അമ്പിളിക്ക് ദീപു പലതവണ പണം നല്‍കി സഹായിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തെര്‍മോക്കോള്‍ കട്ടര്‍ ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. തെര്‍മോക്കോള്‍ കട്ടര്‍ ആദ്യം കഴുത്തില്‍ കുത്തിയിറക്കി. പിന്നാലെ ബലം പ്രയോഗിച്ച് ഇത് മുകളിലേക്ക് വലിച്ചുകീറിയെന്നും മൊഴി നല്‍കിയിട്ടുണ്ട്. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, ശാരീരികമായി അവശതകളുള്ള പ്രായമേറിയ പ്രതിക്ക് ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാനാകുമോ എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന ചോദ്യം.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കളിയിക്കാവിളയിലെ റോഡരികില്‍ കാറിനുള്ളില്‍ ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. കൃത്യം നടന്ന കാറില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം അകലെയുള്ള സിസിടിവി ക്യാമറയിലും ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അവശനായ പ്രതി ബാഗുമായി പാറശ്ശാല ഭാഗത്തേക്ക് നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്.

Tags:    

Similar News