കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു…

By :  Editor
Update: 2024-07-08 01:21 GMT

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്.

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇഡി കേസന്വേഷണം തുടങ്ങുന്നതും ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുന്നതും. അനധികൃതമായി വായ്പകള്‍ അനുവദിച്ചത് അടക്കമുള്ള രേഖകളാണ് ഇഡി പിടിച്ചെടുത്തത്.

ഈ രേഖകള്‍ ആധികാരികമാണോയെന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന അടക്കം നടത്തണമെന്നും, എന്നാല്‍ ഇഡിയുടെ കസ്റ്റഡിയില്‍ ആയതിനാല്‍ പരിശോധന നടത്താനാകാത്തത് കേസന്വേഷണം വഴിമുട്ടിച്ചുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. പ്രതിപ്പട്ടിക അടക്കം നിശ്ചയിക്കുന്നതില്‍ പ്രതിസന്ധിയിലായി എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

രേഖകള്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ പിഎംഎല്‍എ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ഇഡി എതിര്‍ത്തു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഫോറന്‍സിക് പരിശോധനയ്ക്ക് വളരെ കാലതാമസം ഉണ്ടാകുമെന്നും, അതിനാല്‍ സമയബന്ധിതമായി രേഖകള്‍ തിരിച്ചുനല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കിയാല്‍, രാഷ്ട്രീയമാനങ്ങളുള്ള കേസായതിനാല്‍ സ്വാധീനം ഉപയോഗിച്ച് രേഖകളില്‍ കൃത്രിമം വരുത്തുമോയെന്ന ആശങ്കയും ഇഡി ഉന്നയിച്ചിരുന്നു.

Tags:    

Similar News