ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം; തീരുമാനം മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ജോലിക്കിടെ തോട്ടില്‍ വീണു മരിച്ച ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു…

By :  Editor
Update: 2024-07-17 02:29 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ജോലിക്കിടെ തോട്ടില്‍ വീണു മരിച്ച ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം നല്‍കുന്നത്. റെയില്‍വേയുടെ ഭാഗത്തു നിന്നും ജോയിയുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോയിയുടെ കുടുംബത്തെ സഹായിക്കണമെന്ന് മന്ത്രിമാര്‍ നേരത്തെ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നാളെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം പരിഗണിക്കാതിരുന്നത്. ജനപ്രതിനിധികള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ജോയിയുടെ അമ്മയ്ക്ക് കോർപ്പറേഷൻ‌ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു. കോർപ്പറേഷന് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം കോർപ്പറേഷൻ കൗൺസിൽ ചേർന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. 46 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ തകരപ്പറമ്പിന് സമീപത്തു നിന്നാണ് തിങ്കളാഴ്ച ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത്.

Tags:    

Similar News