‘ഗേറ്റ്-2025’ ഫെബ്രുവരിയിൽ 1, 2, 15, 16 തീയതികളിൽ
അടുത്ത വർഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്-2025) ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ ദേശീയതലത്തിൽ നടക്കും. രജിസ്ട്രേഷൻ ആഗസ്റ്റിൽ തുടങ്ങും. പരീക്ഷയുടെ…
;അടുത്ത വർഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്-2025) ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ ദേശീയതലത്തിൽ നടക്കും. രജിസ്ട്രേഷൻ ആഗസ്റ്റിൽ തുടങ്ങും. പരീക്ഷയുടെ മുഖ്യ സംഘാടകർ ഐ.ഐ.ടി റൂർക്കിയാണ്.
എൻജിനീയറിങ്/ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കോമേഴ്സ്, ആർട്സ്, ഹ്യൂമാനിറ്റീസ് അടക്കമുള്ള മേഖലകളിൽ ആഴത്തിലുള്ള അറിവും അഭിരുചിയും പരിശോധിക്കും. ലോകോത്തര നിലവാരമുള്ള പരീക്ഷയാണിത്. കേരളത്തിൽ അങ്കമാലി, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തൃശൂർ, വടകര, വയനാട് പരീക്ഷ കേന്ദ്രങ്ങളാണ്. പരീക്ഷ തീയതികളിൽ മാറ്റം വന്നുകൂടെന്നില്ല.
യോഗ്യത: എൻജിനീയറിങ്/ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കോമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് മുതലായ വിഷയങ്ങളിൽ അക്കാദമിക് മികവുള്ള 3/4 വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദധാരികൾക്കും ‘ഗേറ്റ്-2025’ൽ പങ്കെടുക്കാം. വിശദവിവരങ്ങളടങ്ങിയ സമ്പൂർണ വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും https://gate2025.iitr.ac.inൽ പ്രസിദ്ധപ്പെടുത്തും. തയാറെടുപ്പിനുള്ള പ്രാഥമിക വിവരങ്ങളും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും വെബ്സൈറ്റിലുണ്ട്.
ടെസ്റ്റ് പേപ്പറുകൾ: 30 ടെസ്റ്റ് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. എയ്റോസ്പേസ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോ മെഡിക്കൽ എൻജിനീയറിങ്, ബയോ ടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, കെമിസ്ട്രി, ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോമാറ്റിക്സ് എൻജിനീയറിങ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈനിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവ ഗേറ്റ് പേപ്പറുകളിൽ ഉൾപ്പെടും. ഒരാൾക്ക് ഒന്നോ രണ്ടോ പേപ്പറുകൾ തെരഞ്ഞെടുക്കാം. ഓരോ പേപ്പറിലും 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും. ഇതിൽ 15 മാർക്കിന്റെ ജനറൽ ആപ്റ്റിറ്റ്യൂഡ് എല്ലാവർക്കും പൊതുവായിരിക്കും. പരീക്ഷാഘടനയും സിലബസും വെബ്സൈറ്റിൽ ലഭിക്കും.
ഗേറ്റ്-2025ൽ ഉയർന്ന സ്കോർ കരസ്ഥമാക്കുന്നവർക്ക് സ്കോളർഷിപ്പോടെ എം.ടെക് ഉൾപ്പെടെ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലും ഡോക്ടറൽ പ്രോഗ്രാമുകളിലും ഉപരിപഠനം നടത്താം. എം.ടെക് പഠനത്തിന് പ്രതിമാസം 12,400 രൂപ വീതം 22 മാസക്കാലം ധനസഹായം ലഭിക്കും. പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് 37,000 മുതൽ 42,000 രൂപ വരെയാണ് ധനസഹായം. ഉയർന്ന ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും മറ്റും മികച്ച ജോലിസാധ്യതകളുണ്ട്.