അർജുന്റെ രക്ഷാദൗത്യത്തിന് കോഴിക്കോടുനിന്ന് 30 അംഗം സംഘംകൂടി അങ്കോലയിലേക്ക്

കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി കോഴിക്കോട്ടുനിന്ന് മറ്റൊരു സംഘം കൂടി യാത്രതിരിച്ചു. മുക്കത്തുനിന്നുള്ള 'എന്റെ മുക്കം',…

By :  Editor
Update: 2024-07-22 00:40 GMT

കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി കോഴിക്കോട്ടുനിന്ന് മറ്റൊരു സംഘം കൂടി യാത്രതിരിച്ചു. മുക്കത്തുനിന്നുള്ള 'എന്റെ മുക്കം', 'കര്‍മ ഓമശ്ശേരി', 'പുല്‍പറമ്പ് രക്ഷാസേന' എന്നീ സന്നദ്ധസംഘടനകളിലെ പ്രവര്‍ത്തകരാണ് അങ്കോലയിലെ അപകടസ്ഥലത്തേക്ക് ബസില്‍ പുറപ്പെട്ടത്.

മുപ്പതോളം പേരടങ്ങുന്ന സംഘം സ്വയം സന്നദ്ധരായാണ് രക്ഷാപ്രവര്‍ത്തനത്തിനായി യാത്രതിരിച്ചിരിക്കുന്നത്. ബോട്ട് ഉള്‍പ്പെടെ വെള്ളത്തില്‍ തിരച്ചില്‍ നടത്താനുള്ള സജ്ജീകരണങ്ങളുമായാണ് സംഘം അങ്കോലയിലേക്ക് പുറപ്പെട്ടത്.കഴിഞ്ഞദിവസം കോഴിക്കോട് കൂരാച്ചുണ്ടില്‍നിന്നുള്ള റെസ്‌ക്യൂ ടീമും അങ്കോലയിലെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. രഞ്ജിത് ഇസ്രയേല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള മറ്റുരക്ഷാപ്രവര്‍ത്തകരും അങ്കോലയിലെ രക്ഷാദൗത്യത്തിലുണ്ട്.

അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ ഏഴാംദിവസവും തുടരുകയാണ്. തിങ്കളാഴ്ച ഗംഗാവാലി പുഴയിലും കരയിലുമായാണ് തിരച്ചില്‍ നടക്കുന്നത്. പുഴയിലെ മണ്‍കൂനയില്‍ ലോറിയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഈ ഭാഗത്തും ഊര്‍ജിതമായ തിരച്ചില്‍ നടക്കുകയാണ്.

Tags:    

Similar News