സുപ്രിയ മേനോന്റെ പരാതി; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം പിടിയിലായത് 'രായന്‍' പകര്‍ത്തുന്നതിനിടെ

കൊച്ചി: തിയേറ്ററില്‍നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകര്‍ത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്ന് സിനിമ പകര്‍ത്തുന്നതിനിടെയാണ് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്.…

By :  Editor
Update: 2024-07-27 03:01 GMT

കൊച്ചി: തിയേറ്ററില്‍നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകര്‍ത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്ന് സിനിമ പകര്‍ത്തുന്നതിനിടെയാണ് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി.

'ഗുരുവായൂരമ്പലനടയില്‍' ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. 'ഗുരുവായൂരമ്പലനടയില്‍' റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ വലയിലായത്.

തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്നാണ് 'ഗുരുവായൂരമ്പലനടയില്‍' മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ്ചിത്രമായ 'രായന്‍' മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ഇവരെ കാക്കനാട് സൈബര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. പ്രതികളില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
Tags:    

Similar News