കുളത്തിൽ ഇറങ്ങിയ 4 പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കൽ കോളജ്…

Update: 2024-08-04 22:15 GMT

നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കു മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു.

പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണു മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചു. കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (അപ്പു–27) കഴിഞ്ഞ 23ന് ആണു മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിനു പനി ബാധിച്ചത്. തുടക്കത്തിൽ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി. കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

10 വർഷം മുൻപു മരത്തിൽനിന്നു വീണ് അഖിലിനു തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. അന്നു കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയും ശസ്ത്രക്രിയയും നടത്തി. അതുമായി ബന്ധപ്പെട്ടതാണോ എന്നു പരിശോധിക്കാൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരിച്ചു.

തലച്ചോറിലെ അണുബാധയെത്തുടർന്നു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്നു കുളത്തിൽ ഇറങ്ങുന്നതു കർശനമായി വിലക്കി. ഇതു സംബന്ധിച്ചു നോട്ടിസ് ബോർഡും സ്ഥാപിച്ചു.

Tags:    

Similar News