കോഴിക്കോട് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിക്കുക, അഭിമന്യു,ശ്യാമപ്രസാദ് വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോലീസ് കമീഷണര്‍ ഓഫീസ്…

By :  Editor
Update: 2018-07-26 00:46 GMT

കോഴിക്കോട്: മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിക്കുക, അഭിമന്യു,ശ്യാമപ്രസാദ് വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോലീസ് കമീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗവും ലാത്തിചാര്‍ജും. ഓഫീസിനു മുന്നിലെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. സാരമായി പരിക്കേറ്റ സംസ്ഥാനജില്ലാ നേതാക്കളടക്കം ആറുപേരെ പോലീസുകാര്‍തന്നെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കുക എന്ന പ്രധാന ആവശ്യം ഉയര്‍ത്തിയാണ് നൂറിലധികം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഉച്ചയ്ക്ക് 11.50നോടെ കമീഷണര്‍ ഓഫീസിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡില്‍ പിടിത്തമിടുകയായിരുന്നു. ഉടന്‍തന്നെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിലേക്ക് ചിതറിവീണ പ്രവര്‍ത്തകര്‍ അവിടെകിടന്ന് മുദ്രാവാക്യംവിളി തുടര്‍ന്നു. നനഞ്ഞുകുളിച്ചിട്ടും ബാരിക്കേഡിനു മുന്നില്‍ മറ്റൊരുസംഘം നിലയുറപ്പിച്ചു. ജലപീരങ്കിയിലെ വെള്ളം തീര്‍ന്നിട്ടും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. പത്തു മിനിട്ടിനു ശേഷം റോഡ് ഉപരോധം ആരംഭിച്ചു. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.പി.പ്രകാശ്ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

അഭിമന്യു കൊല്ലപ്പെട്ട് 26 ദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാത്തത് സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രകാശ്ബാബു ആരോപിച്ചു. അരുംകൊലകള്‍ നടത്തിയ തീവ്രവാദികള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ചിറകിനടിയില്‍ സുരക്ഷിതരായി കഴിയുകയാണ്. അഭിമന്യുവിനുവേണ്ടി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ബക്കറ്റ്പിരിവ് നടത്തുന്‌പോള്‍, എസ്ഡിപിഐക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ കോടിയേരിയടക്കം സിപിഎമ്മിന്റെ നേതാക്കള്‍ക്കു കഴിയുന്നില്ല. കൊലയാളികള്‍ക്കെതിരെ യുഎപിഎ ചുമത്താത്തത് സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിലുള്ള കൂട്ടുകച്ചവടത്തിന് തെളിവാണെന്നും പ്രകാശ് ബാബു പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞയുടന്‍ ഓഫീസിനു മുന്നിലേക്ക് കുതിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കവെയാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്. അടിയേറ്റ് പിന്തിരിഞ്ഞോടിയ പ്രവര്‍ത്തരെ മറുഭാഗത്തുനിന്നെത്തിയ പോലീസ് വളഞ്ഞിട്ട് തല്ലി. ഇതിനിടെ എല്‍ഐസി ജംഗ്ഷനില്‍ നിന്ന് മറ്റൊരുസംഘം മുദ്രാവാക്യം വിളിയുമായെത്തി. അവരേയും പോലീസ് വിരട്ടിയോടിച്ചു.സംസ്ഥാന നേതാവ് ടി.റെനീഷ്, ജില്ലാ കണ്‍വീനര്‍ രഞ്ജിത്, ജില്ലാ സെക്രട്ടറി ഇ.സാലു, വൈസ് പ്രസിഡന്റ് എം.സി.അനീഷ്, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് ഗോകുല്‍, കെ.ധനേഷ് എന്നിവര്‍ക്കാണ് ലാത്തിചാര്‍ജില്‍ പരിക്കേറ്റത്. നോര്‍ത്ത് അസി.കമീഷണര്‍ ഇ.പി.പൃഥ്വിരാജ്, ഇന്‍സ്‌പെക്ടര്‍മാരായ പി.എം.മനോജ്, ആര്‍.ഹരിപ്രസാദ്, കസബ എസ്‌ഐ വി.സിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. അക്രമം നടത്തിയതിന് കണ്ടാലറിയാവുന്ന നൂറ്റന്പതോളം പ്രവര്‍ത്തകര്‍ക്കെതിരേ കസബ പോലീസ് കേസെടുത്തു.

Similar News