ബജാജ് ക്യൂട്ട് വീണ്ടും നിരത്തിലേക്ക്

ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജാജ് അവതരിപ്പിച്ച മോഡലാണ് ക്യൂട്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജിയുടെ രൂപത്തില്‍ വന്ന…

By :  Editor
Update: 2018-07-28 04:53 GMT

ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജാജ് അവതരിപ്പിച്ച മോഡലാണ് ക്യൂട്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജിയുടെ രൂപത്തില്‍ വന്ന ചില നിയമക്കുരുക്ക് ക്യൂട്ടിന്റെ ഇന്ത്യന്‍ അരങ്ങേറ്റം വളരെ വൈകിപ്പിച്ചു. എന്നാല്‍, നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച് ബജാജ് ക്യൂട്ട് അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തുന്നു.

ആദ്യഘട്ടത്തില്‍ കേരളത്തിലും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബജാജ് ക്യൂട്ട് വില്‍പനയ്‌ക്കെത്തും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ക്യൂട്ടിനെ ബജാജ് കൈമാറി തുടങ്ങിയെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ 35 മുതല്‍ 40 ക്യൂട്ടുകളെ ഓരോ ഡീലര്‍ഷിപ്പിനും നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇക്കാരത്താല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാവും.

216 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ക്യൂട്ടിന്റേത്. ഈ എന്‍ജിന്‍ 18 എച്ച്പി കരുത്തും 20 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് എന്‍ജിനുള്ളത്, ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് 35 കിലോമീറ്റര്‍ ഓടിക്കാന്‍ കഴിയും. നാല് പേര്‍ക്ക് സസുഖം യാത്ര ചെയ്യാം.മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. ടേണിംഗ് റേഡിയസ് 3 മീറ്റര്‍. 2,752 എംഎം ആണ് വാഹനത്തിന്റെ നീളം. വീതി 1,312 എംഎം, ഉയരം 1,652 എംഎം, വീല്‍ബേസ് 1,925 എംഎം.

2015 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരുന്നതാണ് ബജാജ് ക്യൂട്ട്. എന്നാല്‍ ലൈറ്റ് വെയ്റ്റും സുരക്ഷാ ഫീച്ചറുകളുടെ അഭാവത്തെയും തുടര്‍ന്നുള്ള ആശങ്കകള്‍ കണക്കിലെടുത്ത് ഇത്തരം വാഹനങ്ങളുടെ (ക്വാഡ്രിസൈക്കിള്‍) വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ കാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ വാഹനം അര്‍ഹത നേടിയില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വാഹന കാറ്റഗറി സൃഷ്ടിച്ചു. വാണിജ്യ വാഹന സെഗ്മെന്റില്‍ വില്‍പ്പന നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ബജാജ് ക്യൂട്ടിന് അനുമതി നല്‍കിയിരിക്കുന്നത്

തുടക്കത്തില്‍ ആര്‍ഇ60 എന്നാണ് ക്യൂട്ടിനെ വിളിച്ചിരുന്നത്. നിലവിലെ ഓട്ടോറിക്ഷകള്‍ക്ക് പകരം സിറ്റി ഡ്രൈവിംഗിന് ഉപയോഗിക്കുന്നതിനാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ത്രീ വീലറിന്റെ എല്ലാ സവിശേഷതകളുമുള്ള നാലുചക്ര വാഹനമാണ് ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിള്‍. രണ്ട് ലക്ഷം രൂപയായിരിക്കും ഓണ്‍ റോഡ് വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായിട്ടാകും ബജാജ് ക്യൂട്ട് വിപണിയിലെത്തിക്കുന്നത്. തുടര്‍ന്ന് പാസഞ്ചര്‍ വിപണിയിലേക്ക് ഒരു വേരിയന്റ് അവതരിപ്പിക്കും.

Similar News