ഗോതമ്പു പൊടി കൊണ്ട് മുട്ട പഫ്സ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ....തയ്യാറാക്കാം
ഗോതമ്പ് പൊടി ഉപയോഗിച്ച് പലവിധ പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് അല്ലെ, എങ്കിൽ ഗോതമ്പു പൊടി കൊണ്ട് മുട്ട പഫ്സ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.
ആവശ്യമായ ചേരുവകൾ
ഗോതമ്പു പൊടി- 2 കപ്പ്
ഉപ്പ്- ഒരു ടീസ്പൂൺ
ബട്ടർ- 150 ഗ്രാം
സവാള- 1
മുളകു പൊടി- 1 ടീസ്പൂൺ
ഗരം മസാല- കാൽ സ്പൂൺ
തക്കാളി- 1
മുട്ട
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയിൽ ഉപ്പ് ചേർത്തശേഷം വെളളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക. ഇത് രണ്ടായി മുറിച്ചെടുക്കുക. ചപ്പാത്തിക്ക് പരത്തുന്നതിനെക്കാൾ കനം കുറച്ച് പരത്തിയെടുക്കുക. ഇതിനു മുകളിൽ ബട്ടർ പുരട്ടുക. അതിനുശേഷം മുകളിലേക്ക് ഗോതമ്പുപൊടി മുകളിൽ വിതറുക. അതിനുശേഷം മടക്കി എടുക്കുക. മടക്കിയ ഭാഗത്ത് ബട്ടർ പുരട്ടുക. അതിനുശേഷം മുകളിലേക്ക് ഗോതമ്പുപൊടി മുകളിൽ വിതറുക. എന്നിട്ട് രണ്ടു സൈഡും മടക്കിയെടുക്കുക. ഇത് പ്ലാസ്റ്റിക്ക് റാപ്പറിൽ പൊതിഞ്ഞെടുത്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്തശേഷം വീണ്ടും പരത്തുക. അതിനുശേഷം നേരത്തെ ചെയ്ത പോലെ മടക്കി എടുക്കുക. വീണ്ടും ഇത് പ്ലാസ്റ്റിക്ക് റാപ്പറിൽ പൊതിഞ്ഞെടുത്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മൂന്നു തവണ എങ്കിലും ഇങ്ങനെ ചെയ്യുക. സ്ക്വയർ ഷേപ്പിൽ പരത്തിയശേഷം മുറിച്ചെടുക്കുക. സവാള എണ്ണയിൽ വഴറ്റി എടുക്കുക. ഇതിലേക്ക് മുളകുപൊടി, ഗരം മസാല ചേർക്കുക. തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വെളളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. എന്നിട്ട് നന്നായിട്ട് വഴറ്റിയെടുക്കുക.
ഇതിൽനിന്നും കുറച്ചും ഒരു മുട്ടയുടെ പകുതിയും പരത്തി വച്ചിരിക്കുന്ന മാവിന്റെ മുകളിലേക്ക് വയ്ക്കുക. എന്നിട്ട് മടക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഓരോന്ന് വീതം ഇട്ട് കൊടുക്കുക. പാകമാകുമ്പോൾ എണ്ണയിൽനിന്നും കോരിയെടുക്കുക. സ്വാദിഷ്ടമായ പഫ്സ് തയ്യാർ.