മുണ്ടിനീര് അപകടകാരിയോ.?... അറിയാം
മുഖത്തിൻ്റെ വശങ്ങളിലായി വേദനയോട് കൂടിയ വീക്കമാണ് മുണ്ടിനീരിൻ്റെ പ്രഥമ ലക്ഷണം. വൈറസ് പിടിപെട്ടാൽ ആദ്യ ലക്ഷണങ്ങൾ ഇൻഫ്ലുവൻസയോടു സാമ്യമുള്ളതാണ്.
ഒരു വ്യക്തിയുടെ ഉമിനീർ ഗ്രന്ഥികളെ പ്രധാനമായും പരോട്ടിഡ് ഗ്രന്ഥികളെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മംപ്സ് അഥവാ മുണ്ടിനീർ. വൈറസ് ബാധിച്ച് ഏകദേശം 2 മുതൽ 3 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.
മുഖത്തിൻ്റെ വശങ്ങളിലായി വേദനയോട് കൂടിയ വീക്കമാണ് മുണ്ടിനീരിൻ്റെ പ്രഥമ ലക്ഷണം. വൈറസ് പിടിപെട്ടാൽ
ആദ്യ ലക്ഷണങ്ങൾ ഇൻഫ്ലുവൻസയോടു സാമ്യമുള്ളതാണ്.പനി,തലവേദന,പേശി വേദന,ഭക്ഷണം കഴിക്കാൻ താല്പര്യമില്ല,ക്ഷീണം തുടങ്ങിയവ മറ്റു ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. രോഗബാധിതനായ വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറപ്പെടുന്ന ഉമിനീരിൽനിന്നോ മൂക്കിൽ നിന്നുള്ള മ്യൂക്കസ് മൂലമോ വൈറസ് മറ്റു വ്യക്തികളിലേക്ക് വ്യാപിക്കുകയാണ്.
വൈറസിൻ്റെ ഇൻകുബേഷൻ കാലയളവ് 7-18 ദിവസമാണ്.മുണ്ടിനീരനുഭവപ്പെടുന്ന രോഗികൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ച് ദിവസമെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് പൂർണമായും ഒഴിവാക്കണം.
രോഗബാധിതനായ ഒരാൾക്ക് എക്സ്പോഷർ കഴിഞ്ഞ് 2-3 ആഴ്ചകൾക്ക് ശേഷം ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്.
എന്നിരുന്നാലും, എല്ലാവരിലും മുണ്ടിനീരിൻ്റെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. മുണ്ടിനീര് ബാധിച്ച മൂന്നിൽ ഒരാൾക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടാറില്ല.
ഒരിക്കൽ മുണ്ടിനീര് ബാധിച്ച വ്യക്തികളിൽ രോഗ പ്രതിരോധ ശേഷി കൂടുതലായതിനാൽ പിന്നീട് ഇതേ രോഗം വരാനുള്ള സാധ്യത കുറവാണ്. ചിലരിൽ രണ്ടാം തവണയും മുണ്ടിനീർ ഉണ്ടാകുന്ന അപൂർവ കേസുകളും നിലവിലുണ്ട്. മുണ്ടിനീര് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെപരോട്ടിഡ് വീക്കം പരിഹരിക്കുന്നത് വരെ ഐസോലേറ്റ് ചെയ്തുകൊണ്ടാണ് ചികിത്സ നൽകാറുള്ളത്.
മുൻകൂട്ടിവാക്സിനേഷൻ എടുക്കുന്നത് വഴി ഈ രോഗത്തെ തടയാൻ സഹായിക്കും. വൈറസുമായി സമ്പർക്കം പുലർത്തിയ ശേഷം വാക്സിൻ സ്വീകരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായകരമാവില്ല.
ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത മുതിർന്നവർക്കും ഈ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങി പൊതുജനങ്ങളുമായോ, ഒരുകൂട്ടമാളുകളുമായോ ഇടപെടുന്നവർക്ക് വൈറസ് എളുപ്പത്തിൽ പിടിപെടാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ കുത്തിവയ്പ് നിർബ്ബന്ധമായും എടുക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ആൺകുട്ടികളിൽ വീർത്തതും വേദനാജനകവുമായ വൃഷണങ്ങൾ രൂപപ്പെടുന്നതിനും സ്ത്രീകളിൽ അണ്ഡാശയത്തിൻ്റെ വീക്കംവും, ഗർഭിണികൾക്ക് ഗർഭം അലസലിനും ഈ വൈറസ് കാരണമായെക്കാം.
സുഷുമ്നാ നാഡിക്കും തലച്ചോറിനും ചുറ്റുമുള്ള ചർമ്മത്തിൻ്റെ വീക്കത്തിനും അപസ്മാരം, കടുത്ത തലവേദന, ബോധം നഷ്ടപ്പെടൽ എന്നിവയ്ക്കും രോഗം ഗുരുതരമായാൽ കാരണമാകുന്നു. പാൻക്രിയാസിൻ്റെ വീക്കം വയറുവേദന, ഓക്കാനം, ഛർദ്ദി,അകത്തെ ചെവിയിലെ കോക്ലിയയുടെ കേടുപാടുകൾ കേൾവിശക്തി നഷ്ടപ്പെടൽ തുടങ്ങിയവ മുണ്ടിനീരിൻ്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു.
നിങ്ങൾക്ക് മംപ്സ് വൈറസ് ബാധിച്ചതായി സംശയിക്കുന്നുവെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. അതുവഴി രോഗിക്ക് എളുപ്പത്തിൽ ആശ്വാസം ലഭിക്കാനും, അണുബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും സഹായകരമാകും.
തയ്യാറാക്കിയത്
ഡോ.മനോജ് തെക്കേടത്ത്
ഇൻ്റേണൽ മെഡിസിൻ വിഭാഗം മേധാവി &
സീനിയർ കൺസൾട്ടൻ്റ്