ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാൽകം പൗ‌ഡർ ഉപയോ​ഗിച്ച് ക്യാന്‍സര്‍ ബാധിച്ചു; 124 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുഎസ് കോടതി

Update: 2024-10-17 15:23 GMT

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്ന കമ്പനിയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള അവശ്യ വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയാണിത്. ടാല്‍കം പൗഡര്‍, സോപ്പ്, ഷാംപൂ. ഓയിൽ എന്നിവയെല്ലാം ഇതിൽപ്പെടും. ഈ കമ്പനിയുടെ ടാൽക്കം പൗഡർ ഉപയോഗിച്ചതു നിമിത്തം ക്യാന്‍സര്‍ ബാധിച്ചെന്ന പരാതിയുമായി ഒരു വ്യക്തി 2021ല്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇയാൾക്ക് 124 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.

അപൂര്‍വമായ അര്‍ബുദമായ മെസോതെലിയോമ തനിക്ക് ബാധിച്ചുവെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. വര്‍ഷങ്ങളായി താന്‍ ഉപയോഗിച്ചിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡര്‍ ശ്വസിച്ചാണ് തനിക്ക് അസുഖം വന്നതെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ശരീരത്തിന് ഹാനികരമായ ആസ്ബറ്റോസിന്‍റെ സാന്നിധ്യമാണ് മെസോതെലിയോമ എന്ന അര്‍ബുദത്തിന് കാരണമാകുന്നത്. ശ്വാസകോശത്തിന്‍റെയും മറ്റ് അവയവങ്ങളുടെയും പാളിയെ ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ അര്‍ബുദം. ആസ്ബറ്റോസ് അടങ്ങിയ ഒരു ഉല്‍പ്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ പറഞ്ഞു. നഷ്ടപരിഹാരമായി 124 കോടി രൂപ നല്‍കുന്നതിന് പുറമേ കമ്പനിയുടെ മേല്‍ ശിക്ഷാനടപടികള്‍ ചുമത്താനും കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എന്നാൽ ഈ കോടതി വിധിക്കെതിരെ അപ്പീലിന് പോകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അണ്ഡാശയ കാന്‍സറിനും മറ്റ് ഗൈനക്കോളജിക്കല്‍ ക്യാന്‍സറിനും കാരണമായതായി ആരോപിക്കപ്പെടുന്ന ഏതാണ്ട് 62,000-ത്തിലധികം പരാതികൾ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സിനെതിരെയുണ്ട്. അതേസമയം, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.

Tags:    

Similar News