അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവതരം; അന്വേഷിക്കാന്‍ സിപിഎം; വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും; ശശിക്ക് പിണറായി രാഷ്ട്രീയ കവചം ഒരുക്കുമോ ?
അന്‍വറിന്റെ നീക്കം കരുത്ത് കൂട്ടുന്നത് ഗോവിന്ദന്; സിപിഎമ്മില്‍ പിണറായി ഒറ്റപ്പെടുമോ?;
ഇടത് സ്വതന്ത്ര എം.എല്‍.എ. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം. ആരോപണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമെന്നും പാര്‍ട്ടി വിലയിരുത്തുന്നെന്നാണ് സൂചന. നേരത്തെ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് അന്‍വര്‍ പരാതി സമര്‍പ്പിച്ചിരുന്നു.
ഗോവിന്ദന് പരാതി നല്‍കിയത് ശശിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ്. ഇതോടെയാണ് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ചചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുശേഷം, അന്വേഷണ നടപടികളിലേക്ക് പാര്‍ട്ടി കടന്നേക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷിക്കുന്ന സാഹചര്യം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയിലേക്ക് പാര്‍ട്ടി നീങ്ങുമോ എന്നതും വ്യക്തമാകേണ്ടതുണ്ട്.
പി. ശശിക്ക് എതിരായി ആരോപണം ഉന്നയിച്ചതുകൊണ്ടുമാത്രം കുറ്റവാളിയാകുന്നില്ലെന്ന നിലപാടിലാടാണ് വിഷയത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ സ്വീകരിച്ചത്. ആരോപണം തെറ്റോ ശരിയോ എന്നു കണ്ടെത്തണം. ശരിയാണെങ്കില്‍ ഗൗരവമുള്ളതാണ്. അന്‍വറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം അറിയിച്ചു
വിഷയത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പി.വി. അന്‍വര്‍. എഡിജിപിക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചിരുന്നു.
അന്‍വറിന്റെ വിവാദം പാര്‍ട്ടി സമ്മേളനത്തിലേക്ക് കടന്നാല്‍ മുഖ്യമന്ത്രിയായുള്ള പിണറായി തുടര്‍ച്ച പോലും ചോദ്യം ചെയ്യപ്പെടും. പികെ ശശിക്കെതിരെ അതിവേഗ നടപടിയില്‍ ഗോവിന്ദന്‍ ആരംഭിച്ച തെറ്റു തിരുത്തല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന വിലയിരുത്തല്‍ സജീവമാണ്. പി ശശിയുടെ രാഷ്ട്രീയ ഭാവിയില്‍ ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണ്ണായകമായി മാറും. ശശിക്ക് പിണറായി രാഷ്ട്രീയ കവചം ഒരുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പി ശശിയ്‌ക്കെതിരായ പരാതി പിവി അന്‍വര്‍ നല്‍കിയതോടെ സിപിഎമ്മില്‍ എംവി ഗോവിന്ദന്‍ കൂടുതല്‍ കരുത്തനാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണ വിരുദ്ധത കാരണമായെന്ന വിലയിരുത്തല്‍ സിപിഎമ്മില്‍ സജീവമാണ്.