നഗ്ന ഫോട്ടോ അയയ്ക്കുമെന്ന് ലോൺ ആപ്പ് ഭീഷണി: രണ്ടു കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി

ചൈനീസ് ബന്ധമുള്ള കമ്പനികളാണ് വ്യാജ ലോൺ ആപ്പുകൾക്കു പിന്നിൽ

Update: 2024-08-21 04:19 GMT

കൊച്ചി: ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി വിവരം. എറണാകുളം കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

ആരതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണ് മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടുമാസം മുൻപാണ് ജോലിക്കായി സൗദി അറേബ്യയിലേയ്ക്ക് പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ. മരണത്തിൽ കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ ഫോൺവിളികൾ വന്നു. കുറുപ്പുംപടി പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഭർത്താവ് അനീഷ് വിദേശത്താണ്. 

ചൈനീസ് ബന്ധമുള്ള കമ്പനികളാണ് വ്യാജ ലോൺ ആപ്പുകൾക്കു പിന്നിൽ. ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിലൂടെ അവരെ പറ്റിച്ചും വിഹിതം നൽകിയുമാണ് വായ്പാപണം ഇത്തരം കമ്പനികൾ കൈമാറുന്നത്. സാധാരണക്കാരാണ് പലപ്പോഴും കെണിയിൽ വീഴുന്നത്.

Tags:    

Similar News