നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ എത്തിയത് കൃത്യമായ ആസൂത്രണത്തോടെ: വിവാദ പ്രസംഗം നടത്തിയത് വീഡിയോ ഗ്രാഫറെ ഒരുക്കിനിർത്തിയതിന് ശേഷം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുൻപ് ഒരു വിഡിയോഗ്രഫർ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂർണമായി ചിത്രീകരിച്ചു

Update: 2024-10-16 04:49 GMT

കണ്ണൂർ: നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുൻപ് ഒരു വിഡിയോഗ്രഫർ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂർണമായി ചിത്രീകരിച്ചു.

രാത്രി ഈ വിഡിയോ മാധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭ്യമാക്കി. യാത്രയയപ്പിൽ എഡിഎമ്മിനെ ദിവ്യ വിമർശിച്ചകാര്യം വാർത്തയാവുകയും സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ നടന്നതെന്നു വ്യക്തം.

ദിവ്യയ്ക്കെതിരെ മുൻപും ആത്മഹത്യാ പ്രേരണക്ക് കേസ് ഉണ്ടായിരുന്നു. 2016 ൽ തലശ്ശേരി കുട്ടിമാക്കൂലിൽ ദലിത്‌ വിഭാഗത്തിൽപെട്ട സഹോദരിമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരിൽ ഒരാൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലാണ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തത്. ചാനൽ ചർച്ചയിൽ ഇവർ പൊതുശല്യമെന്ന തരത്തിൽ ദിവ്യ പറഞ്ഞതിനെത്തുടർന്നാണ് അതിലൊരു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി. പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി. പെൺകുട്ടികളുടെ അച്ഛൻ കോൺഗ്രസ് നേതാവായിരുന്നു. അദ്ദേഹം 2021 ൽ സിപിഎമ്മിൽ ചേരുകയും ചെയ്തു.

Tags:    

Similar News