തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു, ഗുരുതര ആരോപണവുമായി ചന്ദ്രബാബു നായിഡു

ക്ഷേത്രത്തിന്‍റെ പവിത്രത ഉയര്‍ത്തിപ്പിടിക്കുമെന്ന് ചന്ദ്രബാബു നായിഡു. പ്രസാദത്തിന്‍റെ ഗുണമേന്മയും ശുദ്ധിയും ഉറപ്പാക്കാന്‍ ശുചീകരണ യജ്ഞം

Update: 2024-09-20 05:23 GMT



വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. എൻഡിഎ നിയമസഭാ കക്ഷി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ചന്ദ്ര ബാബു നായിഡു ആരോപണം ഉന്നയിച്ചത്.

”കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചു. അന്നദാനത്തിനുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തു. ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു. എന്നാൽ, ഞങ്ങൾ ഇപ്പോൾ ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നു. ക്ഷേത്രത്തിന്റെ പവിത്രതയെയും സംസ്കാരത്തെയും സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ചന്ദ്രബാബു നായിഡു പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വൈഎസ്ആർ കോൺഗ്രസ് തള്ളി. ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വൈ.വി.സുബ്ബ റെഡ്ഡി പറഞ്ഞു.

”തിരുമല ക്ഷേത്രത്തിന്റെ പവിത്രതയും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസവും ചന്ദ്രബാബു നായിഡു തകർത്തു. രാഷ്ട്രീയ നേട്ടത്തിനായി ചന്ദ്രബാബു നായിഡു ഏതു തരത്തിലും തരം താഴുമെന്ന് ഇതോടെ തെളിഞ്ഞു. തിരുമല പ്രസാദത്തെക്കുറിച്ചുള്ള നായിഡുവിന്റെ ആരോപണം തെറ്റാണെന്ന് ഭഗവാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാൻ ഞാനും കുടുംബവും തയ്യാറാണ്. തന്റെ കുടുംബത്തോടൊപ്പം ഇത് ചെയ്യാൻ ചന്ദ്രബാബു നായിഡു തയ്യാറാണോ?,” സുബ്ബ റെഡ്ഡി ചോദിച്ചു.

തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സമഗ്രമായ ശുചീകരണ യജ്ഞം പ്രഖ്യാപിച്ച് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു



ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഗുണനിലവാരം ഇല്ലാത്ത ചേരുവകള്‍ ഉപയോഗിച്ചതായി അടുത്തിടെ നടന്ന പരിശോധനയില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇതിന്‍റെ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ക്രമക്കേട് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ വിലയില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന സെക്രട്ടേറിയറ്റിലെ കാന്‍റീന്‍ ഉദ്‌ഘാടനം ചെയ്യവെയാണ് നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.

Tags:    

Similar News