ബെവ്‌കോയില്‍ സമയം കഴിഞ്ഞും പോലീസുകാര്‍ക്ക് മദ്യവില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം
ചങ്ങരംകുളം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. പരിക്കറ്റേ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മലപ്പുറം: പ്രവര്‍ത്തന സമയം കഴിഞ്ഞും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ച നാട്ടുകാരനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം. ചങ്ങരംകുളം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. പരിക്കറ്റേ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞു മദ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പരിക്കേറ്റ സുനീഷ് മാധ്യമങ്ങളോട് പറഞ്ഞു. '9.35 ഓടെയാണ് രണ്ടുപേര്‍ അടച്ചിട്ട ബെവ്‌കോയില്‍ നിന്ന മദ്യം വാങ്ങുന്നത്. ഉടന്‍ തന്നെ ഞാന്‍ അത് മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട് എത്തിയ അവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മര്‍ദിക്കുകായിരുന്നു'- സൂനീഷ് പറഞ്ഞു.
മദ്യം വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണ നിലയില്‍ ഒന്‍പതുമണിവരെയാണ് ബെവ്‌കോയ്ക്ക് മദ്യവില്‍പ്പനയ്ക്കായി അനുവദിച്ച സമയം. സമയം കഴിഞ്ഞു മദ്യം വില്‍പ്പന നടത്തിയതെന്നതും ഇത് ചോദ്യം ചെയ്ത നാട്ടുകാരനെ ക്രമസമാധാന പാലകരായ പൊലീസ് തന്നെ മര്‍ദിക്കുകയും ചെയ്തതെന്നതാണ് വിരോധാഭാസം.