ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍; ഇന്ന് മാത്രം ലഭിച്ചത് 34 ഭീഷണി സന്ദേശങ്ങള്‍
13 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും പത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും 11 വിസ്താര വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍. ഇന്ന് മാത്രം 34 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 13 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും പത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും 11 വിസ്താര വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനവും ഇതില്‍ ഉള്‍പ്പെടുന്നു.
വിമാനയാത്രക്കാരെ സുരക്ഷിതമായി ഇറക്കി ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി എയര്‍ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ തുടങ്ങി നിരവധി വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
അജ്ഞാത കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണിസന്ദേശങ്ങള്‍ ദിവസങ്ങളായി ആഭ്യന്തര സര്‍വീസുകള്‍ക്കൊപ്പം പല രാജ്യാന്തര സര്‍വീസുകളുടെയും താളംതെറ്റിച്ചിരിക്കുകയാണ്. തുടര്‍ന്ന് നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ, അടിയന്തര ലാന്‍ഡിങ് നടത്തുകയോ ചെയ്തു. ഇത് യാത്രക്കാരെ വലിയരീതിയില്‍ പരിഭ്രാന്തരാക്കി. വ്യാജബോംബ് ഭീഷണി വിമാനക്കമ്പനികളുടെ സാമ്പത്തികമായി ബാധിക്കുകയും ചെയ്തു. വിമാന സര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നതു ഗുരുതര കുറ്റകൃത്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് ഇതിന്റെ ഗൗരവം എടുത്തുകാട്ടുന്നു.
തുടര്‍ച്ചയായ ബോംബ് ഭീഷണി ഉയര്‍ന്നതോടെ രാജ്യത്തെ വ്യോമയാന മേഖല കഠിനവും സങ്കീര്‍ണവുമായ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുമൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ വലുതാണ്. വിവിധ ലക്ഷ്യങ്ങളോടെയുള്ള ഒട്ടേറെ വ്യാജ ബോംബ് ഭീഷണികള്‍ സമീപകാലത്തുണ്ടായിട്ടുണ്ടെങ്കിലും ഒരാഴ്ചയ്ക്കിടെ ഇത്രയേറെ ഭീഷണി ഉണ്ടാവുന്നതും അതു വ്യോമയാനമേഖലയുടെ താളംതെറ്റിക്കുന്നതും യാത്രകള്‍ അനിശ്ചിതത്വത്തിലാകുന്നതും ആദ്യമാണ്.