'പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗം': മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി
നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്;
കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി.
‘2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്.
അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരി (നടി) എന്നോട് പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത്’’ – യുവതി പറഞ്ഞു.