‘വിവാഹിതരായ ശേഷവും പീഡനം’; കൗൺസലിങ്ങിന്റെ മറവിൽ 50 വിദ്യാർഥിനികളെ പീഡിപ്പിച്ച മനഃശാസ്ത്രജ്ഞൻ പിടിയിൽ
മുംബൈ∙ 15 വർഷത്തിനിടെ 50 വിദ്യാർഥികളെ പീഡിപ്പിച്ച മനഃശാസ്ത്രജ്ഞൻ അറസ്റ്റിലായി. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിൽ പെൺകുട്ടികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം നേടിയായിരുന്നു പീഡനം. ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചും ഫോണിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയുമാണ് ചൂഷണം ചെയ്തത്.
വിവാഹിതരായ ശേഷവും പീഡനത്തിന് ഇരയായതായി ചിലർ വെളിപ്പെടുത്തി. ഈസ്റ്റ് നാഗ്പുർ കേന്ദ്രീകരിച്ച് സ്ഥാപനം നടത്തിയ ഡോക്ടർ, വീടുകൾ സന്ദർശിച്ചും കൗൺസലിങ് നടത്തിയിരുന്നു. ചൂഷണത്തിന് ഡോക്ടറെ സഹായിച്ച വനിതാ ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഇരകളിൽ ഏറെയും. ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.