ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് ​ഗ്രൂപ്പ്, ഫോൺ ഹാക്ക് ചെയ്തു; മുൻ എംഎൽഎയുടെ പിഎയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം രൂപ

ബാങ്കിന്റെ ചിഹ്നമുള്ള വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സതീഷിനെ അതിൽ ചേർത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പാണ് എന്നാണ് സതീഷ് കരുതിയത്;

Update: 2024-12-02 05:48 GMT

പത്തനംതിട്ട: മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടി. മുൻ എംഎൽഎ രാജു എബ്ര‌ഹാമിന്റെ പിഎ ആയിരുന്ന മുക്കട അമ്പാട്ട് എ ടി സതീഷിനാണ് പണം നഷ്ടപ്പെട്ടത്. യൂണിയന്‍ ബാങ്ക് റാന്നി ശാഖയിലെ എസ്ബി അക്കൗണ്ടില്‍നിന്ന് വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്.

ഒരാഴ്ചമുന്‍പുതന്നെ സതീഷിന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്സ്ആപ്പ് ​ഗ്രൂപ്പുണ്ടാക്കി സതീഷിനെ അതിൽ ചേർത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പാണ് എന്നാണ് സതീഷ് കരുതിയത്. തുടർന്ന് അക്കൗണ്ട് അപ്ഡേഷന്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് എടിഎം കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വാങ്ങിക്കുകയായിരുന്നു. തുടർന്നാണ് പണം നഷ്ടമായത്.

വെള്ളിയാഴ്ച പകല്‍ 1.54-നും 2.26-നും ഇടയ്ക്ക് അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഈസമയം കാറോടിക്കുകയായിതിനാല്‍ ഫോണ്‍ മെസേജുകള്‍ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു. അറിഞ്ഞയുടനെ ബാങ്കിലും റാന്നി പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. ബാങ്കിലെ അക്കൗണ്ടില്‍ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓണ്‍ലൈന്‍ വഴി ഒരാള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപയേ മാറ്റാന്‍ കഴിയൂ എന്നിരിക്കെ ഇത്രയും പണം മാറ്റിയത് എങ്ങനെയാണെന്നതില്‍ സംശയമുണ്ടെന്ന് സതീഷ് പറയുന്നു.

Tags:    

Similar News