വയനാട് റിസോർട്ടിൽ മരിച്ച വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിന്റെ ഷെഡിൽ: പരാതി

കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ മരിച്ചത്

Update: 2024-12-03 15:53 GMT

മാനന്തവാടി: വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ മരിച്ചത്. രണ്ടു മാസം മുമ്പാണ് മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ യുവതി ചികിത്സയ്ക്കെത്തിയത്. 

യുവതിയുടെ മൃതദേഹം പിന്നീട് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർക്ക് കൈമാറുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ആംബുലൻസ് ഡ്രൈവർ മൃതദേഹം കൊണ്ടു പോയത്. എന്നാൽ ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിനോട് ചേർന്ന ഷെഡിൽ ആംബുലൻസിനുള്ളിലാണ് മൃതദേഹം സൂക്ഷിച്ചത്. മൃതദേഹം 27ന് കോഴിക്കോട് വച്ച് എംബാം ചെയ്ത് ബെംഗളൂരുവിലേക്കും തുടർന്ന് സ്വദേശത്തേക്കും കൊണ്ടുപോയി. മോഗ്യും ക്യാപ്റ്റുവിനൊപ്പം സഹോദരിയുമുണ്ടായിരുന്നു.

വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകി. മരണം സ്ഥിരീകരിക്കാൻ ആയുർവേദ കേന്ദ്രത്തിൽ അംഗീകൃത ഡോക്ടർമാരുണ്ടായില്ല എന്നും പൊലീസിന്റെ സാന്നിധ്യത്തിലല്ലാതെയാണ് മൃതദേഹം ആംബുലൻസ് ഡ്രൈവർക്ക് കൈമാറിയതെന്നും പരാതിയിലുണ്ട്.

എന്നാൽ വിഷയത്തിൽ വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രികളെ ബന്ധപ്പെട്ടപ്പോൾ വിദേശ വനിതയായതിനാൽ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവരും തയാറായില്ല. വിദേശത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് ആംബുലൻസിൽ സൂക്ഷിച്ചതെന്നാണ് ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം.

Tags:    

Similar News